ശ്രീജിത്തിന്റെ മരണംപോലിസിന്റേത് ഗുരുതര വീഴ്ച: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്/തിരുവനന്തപുരം: പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. ശ്രീജിത്തിനു മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല.
തുടര്‍ച്ചയായി തെറ്റു ചെയ്യുന്ന പോലിസുകാരെ സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തണം. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റംവരുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിനെ ചവിട്ടിയ പോലിസുകാരനും കണ്ടുനിന്നവരും പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. യുവാവിനെ കാണുന്നതിനായി ആശുപത്രിയില്‍ പോയിരുന്നുവെങ്കിലും ആരോഗ്യനില മോശമായതിനാല്‍ മൊഴിയെടുക്കാനായിരുന്നില്ല.
വെള്ളിയാഴ്ച രാത്രി 10.45ഓടെയാണ് മഫ്തിയിലെത്തിയ പോലിസുകാര്‍ വീട്ടില്‍ നിന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ കയറ്റിയതിനുശേഷം ശ്രീജിത്തിനെ മര്‍ദിച്ചത് കണ്ടതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീജിത്തിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന്റെ മേ ല്‍നോട്ടത്തിലുള്ള സംഘത്തില്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തായിരിക്കും അന്വേഷണത്തലവന്‍.
വരാപ്പുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണസംഘത്തിന് അടിയന്തരമായി കൈമാറാനും സംസ്ഥാന പോലിസ് മേധാവി ഉത്തരവിട്ടു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ ക്രൈം നമ്പര്‍ 310/2018, 312/2018 എന്നീ കേസുകളും പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it