Flash News

ശ്രീജിത്തിന്റെ കൊലപാതകം: ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഹസ്സന്‍

ശ്രീജിത്തിന്റെ കൊലപാതകം: ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഹസ്സന്‍
X


പത്തനംതിട്ട: ശ്രീജിത്തിന്റെ കൊലപാതകത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു. ജന മോചന യാത്രക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിന്റ കൊലപാതകം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വ്യക്തമായ അറിവോടെയാണ് നടന്നത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതല്ലാതെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി രാജിവക്കാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ ഉള്ള പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കാന്‍ നിര്‍ബന്ധിതമാക്കും. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ഇടത് പക്ഷം ഒന്നും ശരിയാക്കിയില്ല. മറിച്ച് അവര്‍ എല്ലാവരെയും ശരിയാക്കുകയാണ്. പിണറായിയുടെ ഭരണത്തില്‍ നാട്ടില്‍ ചോരപ്പുഴയാണ് ഒഴുകുന്നതെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളായ ചെറുപ്പക്കാരെ കൊന്നൊടുക്കുകയാണെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ രണ്ട് വര്‍ഷം കൊണ്ട് ശ്രീജിത്തിന്റേത്് ആറാമത്തെ കസ്റ്റഡി മരണമാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് എം എം ഹസ്സന്‍ ഉയര്‍ത്തിയത്. നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ ഭരണത്തില്‍ രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ തകര്‍ന്നു. സംഘപരിവാര്‍ ശക്തികള്‍ ജീവിതത്തിന്റെ എല്ലാ മേഘലയിലും കടന്നു കയറി. വര്‍ഗ്ഗീയ വെറി പൂണ്ട ആളുകളാണ് കത്വയില്‍ കുട്ടിയെ പിച്ചിച്ചീന്തിയത്. മനുഷ്യന്‍ മൃഗമായി മാറുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. അക്രമങ്ങളില്‍ ഇരകളെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥമായ ഭരണകൂടം വേട്ടക്കാരെ സംരക്ഷിക്കുന്ന കാഴ്ച്ചയാണ് രാജ്യത്തുള്ളത്. ജുഡീഷ്യറിയെ പരിപൂര്‍ണ്ണമായും വര്‍ഗ്ഗീയവത്ക്കരിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന ഇംപീച്ച് മെന്റ് പ്രമേയം രാജ്യസഭാ അധ്യക്ഷന്‍ നിരസിച്ചു. ഉപരാഷ്ട്രപതിക്കും അര്‍ എസ്സ് എസ്സിന്റെ സ്വരമാണെന്ന് ഇതിലൂടെ വ്യക്തമായതായും ഹസ്സന്‍ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബൂ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ശരത്ചന്ദ്രപ്രസാദ് രാജ് മോഹന്‍ ഉണ്ണിത്താന്‍ കെ പി സി സി സെക്രട്ടറി മധു പഴകുളംആന്റൊ ആന്റണി എംപി , അടൂര്‍ പ്രകാശ് എം എല്‍ എ, എക്‌സ് എം എല്‍ എ മാരായ അഡ്വ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it