ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ശ്രീജിത്ത് (29) മരിച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കേസിലെ ആദ്യ മൂന്നു പ്രതികളായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളും കളമശ്ശേരി എആര്‍ ക്യാംപിലെ പോലിസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരുടെയും നാലാംപ്രതി വരാപ്പുഴ എസ്‌ഐ ആയിരുന്ന ജി എസ് ദീപകിന്റെയും കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
കേസില്‍ റിമാന്‍ഡിലായിരുന്ന ഇവരെ പ്രത്യേകാന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരമാണ് നേരത്തേ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. പ്രതികളുടെ തെളിവെടുപ്പ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായി. എന്നാല്‍, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ശ്രീജിത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയില്ല. ഇവരായിരുന്നു വീട്ടിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്.
വീട് മുതല്‍ വാഹനത്തില്‍ കയറ്റുന്നതു വരെ ഇവര്‍ ശ്രീജിത്തിനെ മര്‍ദിച്ചിരുന്നതായി ശ്രീജിത്തിന്റെ അമ്മയും ഭാര്യയും അയല്‍വാസിയും മൊഴി നല്‍കിയിരുന്നു. തെളിവെടുപ്പിന് ഇവരെ വീട്ടിലെത്തിച്ചാല്‍ പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതു വേണ്ടെന്നുവച്ചതാണെന്നാണു വിവരം. എസ്‌ഐ ജി എസ് ദീപകിെന വരാപ്പുഴ സ്റ്റേഷനില്‍ കൊണ്ടുവന്നാണു തെളിവെടുത്തത്. കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ നാലു പ്രതികളെയും വിശദമായ ചോദ്യംചെയ്യലിനു വിധേയമാക്കിയിട്ടുണ്ട്. കേസില്‍ ബാഹ്യ ഇടപെടലുകളുണ്ടായിട്ടുണ്ടോ എന്നതില്‍ വ്യക്തമായ ഉത്തരം ലഭിക്കുന്നതിനാണു പ്രധാനമായി ചോദ്യംചെയ്തതെന്നാണു വിവരം. അറസ്റ്റ് ചെയ്യുന്നതിന് എവിടെ നിന്നാണ് ഉത്തരവു ലഭിച്ചതെന്നതിനെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകം രൂപവല്‍ക്കരിച്ച അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപോര്‍ട്ട് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. വയറ്റത്തേറ്റ ശക്തമായ മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിനു കാരണമായതെന്നു വ്യക്തമാക്കി നേരത്തേ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് പ്രാഥമിക റിപോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അന്തിമ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതികളെ ചോദ്യംചെയ്തതെന്നാണു വിവരം. സംഭവത്തില്‍ പോലിസ് മര്‍ദനം ശരിവച്ചാണ് അഞ്ചു വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അടിവയറ്റിലേറ്റ ആഘാതത്തില്‍ കുടലിന് 90 ശതമാനത്തോളം മുറിവേറ്റു. ഈ മുറിവില്‍നിന്നു കുടലിനുള്ളിലെ ഭക്ഷണപദാര്‍ഥങ്ങള്‍ വയറ്റില്‍ വ്യാപിക്കുകയും ഇതുമൂലം അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണു വിവരം.
പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു തീരുന്നതോടെ മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം കൂടുതല്‍ നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. അതേസമയം, വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it