ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്നുവെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച്, ശ്രീജിത്തിന്റെ ഭാര്യ ഹരജി നല്‍കിയെന്നതുകൊണ്ട് മാത്രം അന്വേഷണം സിബിഐയ്ക്ക് വിടാനാവില്ലെന്നു ചൂണ്ടിക്കാട്ടി. റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലിസുകാരുള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെന്നും ആര്‍ടിഎഫിന്റെ രൂപീകരണം നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ഗ്രൂപ്പിന് രൂപം നല്‍കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.
പോലിസ് അന്വേഷണം അനുചിതമെന്നോ പക്ഷപാതപരമെന്നോ പറയാനാവില്ല. കുറ്റക്കാരെ വേഗത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ തെളിവുകളിലും രേഖകളിലും പോലിസ് കൃത്രിമം നടത്തുമെന്ന സംശയം മുഖ വിലക്ക് എടുക്കാനാവില്ല. സിബിഐ അന്വേഷണം അനിവാര്യമല്ല. നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ഹരജിക്കാരിക്ക് ലഭിച്ചു. ഇതു തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും സിംഗിള്‍ബെഞ്ച് വിധിയില്‍ വ്യക്തമാക്കി.
അതേസമയം, സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി ശ്രീജിത്തിന്റെ ഭാര്യ അഖിലയും മാതാവ് ശ്യാമളയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിബി ഐ അന്വേഷണത്തിനായി അപ്പീല്‍ പോവുമെന്നും ഇവര്‍ പറഞ്ഞു. പോലിസുകാര്‍ പ്രതിയായ കേസ് പോലീസ് തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ല. അതിനാലാണ് സിബി ഐ അന്വേഷണം ആവശ്യപെടുന്നതെന്ന് അഖില പറഞ്ഞു. പോലിസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നു മാതാവ് ശ്യാമളയും പറഞ്ഞു.
Next Story

RELATED STORIES

Share it