ശ്രീജിത്തിന്റെ കസ്റ്റഡിമരണം: എ വി ജോര്‍ജിനെ പിരിച്ചുവിടണം- എസ്ഡിപിഐ

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പില്‍ എസ് ആര്‍ ശ്രീജിത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ആലപ്പുഴ മുന്‍ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രേട്ടറിയറ്റംഗം പി പി മൊയ്തീന്‍കുഞ്ഞ്, പറവൂര്‍ മണ്ഡലം പ്രസിഡന്റ് വി എം ഫൈസല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയും അനധികൃതമായുമാണെന്ന് വ്യക്തമായിരിക്കെ അതുസംബന്ധിച്ച് അന്വേഷിച്ച് ശിക്ഷണനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് വി എം ഫൈസല്‍ നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജിയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഹരജിയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്നു. എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ അനധികൃതമായിയാണ് ആര്‍ടിഎഫ് സ്വകാര്യ സേന രൂപീകരിച്ചത്.
ഇതിനായി നിയമപ്രകാരമല്ലാതെ ചെലവഴിച്ച തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നു തിരിച്ചുപിടിക്കാന്‍ ഇതുവരെ തയ്യാറായില്ല. ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ചതും ശ്രീജിത്തിനെ ആളുമാറി അറസ്റ്റ് ചെയ്തതും ആര്‍ടിഎഫിനുവേണ്ടി ചെലവഴിച്ച തുകയെ സംബന്ധിച്ചും അന്വേഷണം വേണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. കുറ്റവാളിയായ എ വി ജോര്‍ജിനെ സംരക്ഷിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.
ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ജോര്‍ജിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it