ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മജിസ്‌ട്രേറ്റിന്റെ മൊഴിഎസ്‌ഐ ദീപക് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലെ നാലാംപ്രതിയും വരാപ്പുഴ എസ്‌ഐയുമായിരുന്ന ജി എസ് ദീപക്കിനെതിരേ മജിസ്‌ട്രേറ്റ് നല്‍കിയ മൊഴി പുറത്ത്. നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-മൂന്ന് ചുമതല വഹിച്ചിരുന്ന മജിസ്‌ട്രേറ്റ് എം സ്മിത ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) മുമ്പാകെ നല്‍കിയ മൊഴിയും മജിസ്‌ട്രേറ്റിനെതിരേ എസ്‌ഐ ദീപക് ആലുവ റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പുമാണ് പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷയിലാണ് മൊഴിയുടെ പകര്‍പ്പ് ലഭിച്ചത്.
വരാപ്പുഴ ദേവസ്വംപാടം വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായ 10 പ്രതികളെ ഏപ്രില്‍ ഏഴിന് റിമാന്‍ഡ് അപേക്ഷ സഹിതം ഹാജരാക്കുന്നതിനായി ഡബ്ല്യുസിപിഒ സ്‌നേഹലത വഴി അനുമതി ചോദിച്ചെങ്കിലും തനിക്കു സുഖമില്ലെന്ന് പറഞ്ഞ് പ്രതികളെ അന്നേദിവസം ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് അനുവദിച്ചില്ലെന്ന് എസ്‌ഐ ദീപക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ മജിസ്‌ട്രേറ്റില്‍ നിന്ന് മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍  പ്രതികളെ രാത്രികാലങ്ങളില്‍ സെല്ലില്‍ സൂക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, ദീപക്കിന്റെ ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിച്ചുകൊണ്ടുള്ള മൊഴിയാണ് മജിസ്‌ട്രേറ്റ് എം സ്മിത നല്‍കിയിരിക്കുന്നത്. വരാപ്പുഴ കേസിലെ പ്രതികളെ ഹാജരാക്കുന്നതിന് തന്നെ സമീപിച്ചിട്ടില്ല. അസൗകര്യമുണ്ടെങ്കില്‍ പോലും രാത്രികാലങ്ങളില്‍ വീട്ടില്‍ കൊണ്ടുവന്നിട്ടുള്ള പ്രതികളെ താന്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിമരണത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമമാണ് തനിക്കെതിരായ പരാതിയെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. എസ്‌ഐ ദീപക്ക് പല കേസുകളിലും സുപ്രിംകോടതി മാര്‍ഗനിര്‍ദേശം ലംഘിച്ച് അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനെതിരേ താന്‍ കര്‍ശനമായ താക്കീത് നല്‍കിയിരുന്നു. എന്തു മാര്‍ഗനിര്‍ദേശം കൊടുത്താലും അതു നിരസിക്കുകയും നിരന്തരം പ്രശ്‌നമുണ്ടാക്കുകയും ചെയ്യുകയെന്നത് ഈ കേസിലെ പ്രതിയായ എസ്‌ഐയുടെ അടിസ്ഥാനസ്വഭാവമാണെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it