ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിന് ജാമ്യം

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ നാലാം പ്രതി വരാപ്പുഴ എസ്‌ഐ ആയിരുന്ന ജി എസ് ദീപക്കിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തന്നെ ദീപക് മര്‍ദിച്ചെന്നു ശ്രീജിത്ത് ചികില്‍സിച്ച ഡോക്ടറോട് പറഞ്ഞിട്ടില്ലെന്നും ശ്രീജിത്തിന്റെ ഭാര്യയുടെ മൊഴിയില്‍ ദീപക്കിനെതിരേ പരാമര്‍ശമില്ലെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രണ്ടു മാസം എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ ഒന്നു വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, മൂന്നു മാസത്തേക്ക് എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. വീട്ടില്‍ നിന്നു പോലിസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയ ശ്രീജിത്ത് ഏപ്രില്‍ ഒമ്പതിനാണ് ആശുപത്രിയില്‍ മരിച്ചത്. വീടിനു പുറത്ത് രണ്ടു മഫ്തി പോലിസുകാര്‍ ആക്രമിച്ചെന്നാണ് ശ്രീജിത്ത് ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നതെന്നു ദിപക്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ലോക്കപ്പില്‍ വച്ചു മര്‍ദനമേറ്റെന്ന് ശ്രീജിത്തിന്റെ ഭാര്യ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നില്ല.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ പോലിസുകാരുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത് വീട്ടിലും പരിസരത്തും വച്ചു മര്‍ദനമേറ്റെന്നാണ്്. ആകെയുള്ള മൊഴി ശ്രീജിത്തിന്റെ കൂട്ടുപ്രതികളുടേതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ദീപക്കിന്റെ ചവിട്ടാണ് മരണത്തിന്റെ പ്രധാന കാരണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അന്വേഷണം പൂര്‍ത്തിയായെന്നാണ് മനസ്സിലാവുന്നതെന്നു കേസ് ഡയറി പരിശോധിച്ച കോടതി അഭിപ്രായപ്പെട്ടു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വാദത്തിന് പരിഹാരം കടുത്ത ഉപാധികള്‍ വയ്ക്കുകയാണ്.
ആരോപണങ്ങളുടെയും തെളിവിന്റെയും സ്വഭാവം, പ്രതിയുടെ സ്വഭാവം, മുന്‍കാല ചരിത്രം എന്നിവ പരിഗണിച്ച് ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it