ശ്രീജിത്തിന്റെ കസ്റ്റഡി മരണം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ തന്നെ ബലിയാടാക്കുന്നതായി എസ്‌ഐ

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ശ്രീജിത്ത് മരിച്ച കേസിലെ പ്രതിയായ എസ്‌ഐ ദീപകിന്റെ ജാമ്യ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ശ്രീജിത്തിനെ മര്‍ദിച്ചതിലും മരണത്തിലും തനിക്കു പങ്കില്ലെന്ന് വ്യക്തമാക്കി ദീപക് നല്‍കിയ ഹരജി പ്രോസിക്യൂഷന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.
ഏപ്രില്‍ 24 മുതല്‍ ഹരജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എസ്പി അടക്കം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തന്നെ ബലിയാടാക്കുകയാണെന്നു ഹരജിക്കാരനായ എസ്‌ഐ പറഞ്ഞു. എന്നാല്‍, ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ദീപക് മര്‍ദിച്ചതായി കൂടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നവരടക്കം എട്ടു പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തുടര്‍ന്ന് സാക്ഷികള്‍ ഇതുസംബന്ധിച്ച് നല്‍കിയ സിആര്‍പിസി 164 പ്രകാരമുള്ള മൊഴി കോടതിയില്‍ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപകിനെതിരേ കേസെടുത്തിട്ടുള്ളതെന്നും ആരെയും ബലിയാടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 9നാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്ത് (29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. ശ്രീജിത്തിനെ വീട്ടില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത ആലുവ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ്, വരാപ്പുഴ എസ്‌ഐ ജി എസ് ദീപക് എന്നിവര്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്. പറവൂര്‍ നോര്‍ത്ത് സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇദ്ദേഹത്തെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.
Next Story

RELATED STORIES

Share it