ശ്രീജിത്തിന്റെ കസ്റ്റഡി മരണംഅന്വേഷണ പുരോഗതി അറിയിക്കാന്‍ പോലിസിന് നിര്‍ദേശം

കൊച്ചി: വരാപ്പുഴ പോലിസ് സ്‌റ്റേഷനില്‍ മര്‍ദനത്തിനിരയായി ശ്രീജിത്ത് മരിച്ചെന്ന കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ പോലിസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം അഞ്ചിലേക്ക് മാറ്റി.
കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്ന് ഇന്നലെ ഹരജി പരിഗണിക്കവേ കോടതി വാക്കാല്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഇടപെടല്‍ അപേക്ഷ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ നിരന്തരം വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഒരാള്‍ക്ക് കേസില്‍ ഇടപെടാന്‍ അവസരം നല്‍കണമോയെന്ന കാര്യമാണിത്. രാഷ്ട്രീയക്കാരനായതു കൊണ്ട് കേസില്‍ ഇടപെടാന്‍ ഒരാള്‍ക്ക് അയോഗ്യതയില്ല. പക്ഷേ, കോടതിയെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസിലെ പ്രതിയായ എസ്‌ഐ ജി എസ് ദീപക്ക് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് മറ്റൊരു ബെഞ്ച് ഇന്നത്തേക്ക് മാറ്റി. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താന്‍ ഈ കേസില്‍ ബലിയാടാവുകയാണ് ഉണ്ടായതെന്നും ദീപക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്നു എന്നതുകൊണ്ടു മാത്രമാണ് താന്‍ പ്രതിയായതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ശ്രീജിത്തിനെ ദീപക്ക് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. എട്ടു പേരുടെ മൊഴികളുണ്ട് ഇത് തെളിയിക്കാനെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, ഈ മൊഴികളും കേസ് ഡയറിയും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് പോലിസിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.
Next Story

RELATED STORIES

Share it