Flash News

ശ്രീജിത്തിന്റെ കസ്റ്റഡി മരണംകുടുംബത്തിന് ധനസഹായം; ഭാര്യ ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: പോലിസ് കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴ ദേവസ്വംപാടംകരയില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ തുക മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു.
ശ്രീജിത്തിന്റെ മരണം പോലിസ് കസ്റ്റഡിയിലാണെന്നു വ്യക്തമാവുകയും സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ ഇടപെടലുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.
സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. എന്നാല്‍, സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബാംഗങ്ങള്‍.
അതേസമയം, സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശ്രീജിത്തിന്റെ ഭാര്യ അഖില സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ജോലിയും ധനസഹായവും തങ്ങളുടെ കുടുംബത്തിന് അര്‍ഹതപ്പെട്ടതാണെന്ന് അഖില പ്രതികരിച്ചു.
പോലിസുകാര്‍ കാരണമാണ് താനും മകളും അനാഥരായത്. സങ്കടത്തോടെയാണെങ്കിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുകയാണ്. അതേസമയം, കേസ് കോടതിയില്‍ വരുമ്പോള്‍ വമ്പന്മാര്‍ രക്ഷപ്പെടുമോ എന്ന സംശയമുണ്ടെന്നും അഖില വ്യക്തമാക്കി. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഏപ്രില്‍ 9ന്  പോലിസിന്റെ മര്‍ദ്ദനം മൂലമാണ്  മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേരത്തെ വാരാപ്പുഴ എസ് ഐ ആയിരുന്ന ജി എസ് ദീപക്, ആര്‍ടിഎഫ് അംഗ ങ്ങളായിരുന്ന ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ  അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it