ശ്രീജിത്തിന്റെ കസ്റ്റഡിമരണം: സിഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; എ വി ജോര്‍ജിനെ ചോദ്യം ചെയ്‌തേക്കും

പറവൂര്‍: വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ നോര്‍ത്ത് പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത സിഐയെ ഇന്നലെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 മുമ്പാകെ ഹാജരാക്കിയിരുന്നു. ആലുവ പോലിസ് ക്ലബ്ബില്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനു ശേഷം വൈകുന്നേരം 5.30ഓടെയാണ് ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തത്.
അന്യായമായി തടങ്കലില്‍ വയ്ക്കുക, തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നിവയാണ് ക്രിസ്പിന്‍ സാമിനെതിരേ ചുമത്തിയ കുറ്റങ്ങള്‍. സംഭവം നടന്ന സമയത്ത് സിഐ ക്രിസ്പിന്‍ സാമിനായിരുന്നു വരാപ്പുഴ സ്‌റ്റേഷന്റെ ചുമതല.  കസ്റ്റഡി മരണത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും സിഐയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, സിഐയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെയും ആള്‍ജാമ്യത്തിന്റെയും ഈടില്‍ ക്രിസ്പിന്‍ സാമിനെ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.
കേസില്‍ നേരത്തേ അറസ്റ്റിലായ എസ്‌ഐ ജി എസ് ദീപക് അടക്കമുള്ള നാലു പോലിസ് ഉദ്യോഗസ്ഥരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 15 വരെ കോടതി നീട്ടി. ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വരാപ്പുഴ എസ്‌ഐയായിരുന്ന ജി എസ് ദീപക്, ആര്‍ടിഎഫ് അംഗങ്ങളായിരുന്ന ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ അന്വേഷണസംഘം ഉടനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനെ ചോദ്യം ചെയ്തതായും വിവരമുണ്ട്. എ വി ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന ആര്‍ടിഎഫ് അംഗങ്ങളാണ് ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുന്ന സമയത്ത് ആലുവ ഡിവൈഎസ്പിയായിരുന്ന ആളെന്ന നിലയിലാണ്  പ്രഫുല്ലചന്ദ്രനെ ചോദ്യം ചെയ്തതെന്നാണ് വിവരം.
Next Story

RELATED STORIES

Share it