ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫുകാരെ കുടുംബം തിരിച്ചറിഞ്ഞു

കൊച്ചി: ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച മൂന്ന് ആര്‍ടിഎഫ് അംഗങ്ങളെയും ശ്രീജിത്തിന്റെ കുടുംബം തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ സിപിഒ മാരായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ് എന്നിവരെയാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മാതാവ് ശ്യാമള, ഭാര്യ അഖില, സഹോദരന്‍ സജിത്, അയല്‍വാസി അജിത് എന്നിവര്‍ ഇന്നലെ തിരിച്ചറിഞ്ഞത്.
കാക്കനാട് ജില്ലാ ജയിലില്‍ ഇന്നലെ രാവിലെയായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്. വരാപ്പുഴയില്‍ ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമണവും തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായ സംഭവത്തെ തുടര്‍ന്ന് ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും ഉള്‍പ്പെടെ 10 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെയും സജിത്തിനെയും വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത് ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരായിരന്നു. ഇവര്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തതുമുതല്‍ ജീപ്പില്‍ കയറ്റുന്നതുവരെ ക്രൂരമായി മര്‍ദിച്ചുവെന്ന് ശ്രീജിത്തിന്റെ ഭാര്യയും സഹോദരനും അമ്മയും അയല്‍വാസിയും അന്വേഷണസംഘം മുമ്പാകെ മൊഴിനല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത്. തിരിച്ചറിയല്‍ പരേഡ് ഒരുമണിക്കൂര്‍ നീണ്ടു.
മൂന്നുപേരെയും തിരിച്ചറിഞ്ഞതായി തിരിച്ചറിയല്‍ പരേഡിനു ശേഷം പുറത്തിറങ്ങിയ ശ്രീജിത്തിന്റെ ഭാര്യ അഖില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ഇവരെക്കൂടാതെ ശ്രീജിത്തിന്റെ മരണത്തില്‍ വരാപ്പുഴ എസ്‌ഐ ജി എസ് ദീപക്കിനെയും കൊലക്കുറ്റം ചുമത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ദീപക് ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. എന്നാല്‍ എസ്‌ഐയെ ഇന്നലെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയില്ല.
അതേസമയം ശ്രീജിത്തിന് മര്‍ദനമേറ്റതിനെക്കുറിച്ചും ശരീരത്തിലെ ക്ഷതങ്ങളെക്കുറിച്ചും പരിശോധിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് രണ്ടു ദിവസത്തിനകം അന്വേഷണസംഘത്തിന് കൈമാറുമെന്നാണു വിവരം. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികളെടുക്കുക. വയറ്റിലേറ്റ മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it