ശ്രീജിത്തിനെ പ്രതിയാക്കിയതിനു പിന്നില്‍ സിപിഎം നേതാക്കളെന്ന് മാതാവ്‌

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഎമ്മും പ്രതിക്കൂട്ടില്‍. ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമണക്കേസില്‍ സിപിഎം നേതാക്കള്‍ ഇടപെട്ടാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് മാതാവ് ശ്യാമള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാസുദേവന്റെ വീടാക്രമിക്കപ്പെട്ടതിനു ശേഷം പ്രദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ യോഗംചേര്‍ന്നാണു പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിവരമെന്ന് ശ്യാമള പറഞ്ഞു. യോഗത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത്, സഹോദരന്‍ സജിത്ത് എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഡെന്നി, തോമസ്, പരമേശ്വരന്‍ എന്നിവര്‍ പ്രിയ ഭരതന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ശ്രീജിത്തിനെ മനപ്പൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. അതുകൊണ്ടാണു തങ്ങള്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ശ്യാമള പറഞ്ഞു.
തന്റെ പിതാവിനെ സിപിഎം പ്രാദേശിക നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാണ് ശ്രീജിത്തിനെതിരേ വ്യാജമൊഴി നല്‍കിച്ചതെന്ന് സിപിഎം നേതാവായിരുന്ന പരമേശ്വരന്റെ മകന്‍ പറഞ്ഞിരുന്ന കാര്യവും ശ്യാമള ചൂണ്ടിക്കാട്ടി. അതേസമയം ശ്യാമളയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആര്‍എസ്എസുകാരാണ് ശ്യാമളയെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നതെന്നും പ്രിയ ഭരതന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടുകാര്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ചതിനു പിന്നാലെ സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി എം കെ ബാബുവില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കളമശ്ശേരിയില്‍ വച്ചാണ് വിശദാംശങ്ങള്‍ ശേഖരിച്ചത്. അതേസമയം, എ വി ജോര്‍ജിനെ വീണ്ടും അന്വേഷണസംഘം ചോദ്യംചെയ്യുമെന്നാണു ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ സസ്‌പെന്റ്‌ചെയ്തത്.
Next Story

RELATED STORIES

Share it