wayanad local

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥലമെടുപ്പ്; ആരോഗ്യവകുപ്പ് റവന്യൂ വകുപ്പിന് രണ്ടു കോടി കൈമാറി

മാനന്തവാടി: ജില്ലയില്‍ ആരംഭിക്കുന്ന ശ്രീചിത്തിര മെഡിക്കല്‍ സെന്ററിനായുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍. ഇതിനായി രണ്ടു കോടി രൂപ ആരോഗ്യവകുപ്പ് റവന്യൂ വകുപ്പിന് കൈമാറി. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ബോയ്‌സ് ടൗണില്‍ കണ്ടെത്തിയ സര്‍വേ നമ്പര്‍ 5/1 ബിയില്‍പ്പെട്ട ഗ്ലൈന്‍ലെവല്‍ എസ്റ്റേറ്റിന്റെ 50 ഏക്കര്‍ സ്ഥലമാണ് ശ്രീചിത്തിര സെന്ററിനായി ഏറ്റെടുക്കുന്നത്. നീണ്ടകാലത്തെ അനിശ്ചിതത്വങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കുമൊടുവിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിനായി 19 കോടി രൂപയുടെ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ചത്.
ഇതില്‍ നിന്നുമാണ് രണ്ടു കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന് കൈമാറിയിരിക്കുന്നത്. 2009ലാണ് ശ്രീചിത്തിര മെഡിക്കല്‍ കേന്ദ്രത്തിന്റെ കീഴില്‍ ഉപകേന്ദ്രം വയനാട്ടില്‍ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടക്കത്തില്‍ 200 ഏക്കര്‍ ഭൂമിയായിരുന്നു ഇതിനായി കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്രയും ഭൂമി ഒരുമിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് 50 ഏക്കര്‍ സ്ഥലം മതിയെന്നു തീരുമാനിക്കുകയും തവിഞ്ഞാലിലെ ഗ്ലൈലെവല്‍ എസ്റ്റേറ്റ് ഇതിന് അനുയോജ്യമായണെന്നു കണ്ടെത്തുകയുമായിരുന്നു. എന്നാല്‍, നിയമക്കുരുക്കുള്ള ഭൂമിയായതിനാല്‍ സ്ഥലം ഏറ്റെടുപ്പ് അനന്തമായി നീണ്ടുപോയി. സ്ഥലമുടമയില്‍ നിന്ന് 1945ല്‍ 99 വര്‍ഷത്തേക്ക് രജിസ്‌ട്രേഡ് പാട്ടച്ചാര്‍ത്ത് പ്രകാരമാണ് കൃഷി ആവശ്യത്തിന് ഗ്ലൈന്‍ ലെവല്‍ എസ്റ്റേറ്റിന് ഭൂമി ലഭിക്കുന്നത്. ഈ ഭൂമി വില്‍പന നടത്തുന്നതിനെതിരേ ഭൂവുടമയുടെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലായത്. തുടര്‍ന്നു വൈത്തിരിയിലെ ആദിവാസി ഭൂമിയും മക്കിമലയിലെ റവന്യൂ ഭൂമിയും പരിഗണിച്ചെങ്കിലും പല കാരണങ്ങളാല്‍ ഗ്ലൈന്‍ലെവല്‍ എസ്റ്റേറ്റില്‍ തന്നെ എത്തുകയായിരുന്നു. ഭൂമിക്ക് റവന്യൂ വകുപ്പ് നിശ്ചയിച്ച തുക നല്‍കിയ ശേഷം ഭൂമി പാട്ടത്തിന് നല്‍കിയവരില്‍ നിന്നു ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരമാണ് രണ്ടു കോടി രൂപ റവന്യൂ വകുപ്പിന് കൈമാറിയിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തറക്കല്ലിടാനാണ് നീക്കം.
Next Story

RELATED STORIES

Share it