wayanad local

ശ്രീചിത്തിരയ്ക്കായി കണ്ടെത്തിയ ഭൂമിയുടെ രേഖ ജൂണില്‍ ആരോഗ്യവകുപ്പിന് കൈമാറും



മാനന്തവാടി: ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന്റെ ഉപകേന്ദ്രം സ്ഥാപിക്കാനായി തവിഞ്ഞാല്‍ വില്ലേജില്‍ കണ്ടെത്തിയ സ്ഥലം ജൂണ്‍ നാലിന് ആരോഗ്യവകുപ്പിന് കൈമാറും. കേന്ദ്രം തുടങ്ങുന്നതില്‍ നിന്ന് ശ്രീചിത്തിര അധികൃതര്‍ പിന്‍മാറുമെന്ന പ്രചാരണം നിലനില്‍ക്കെയാണ് സ്ഥലം ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ വില്ലേജില്‍ ഉള്‍പ്പെട്ട ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലെവന്‍ എസ്‌റ്റേറ്റിന്റെ 75 ഏക്കര്‍ സ്ഥലമാണ് കൈമാറുന്നത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച റവന്യൂവകുപ്പ് രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ആരോഗ്യവകുപ്പിന് കൈമാറുക. ശ്രീചിത്തിര അധികൃതരുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ഉപകേന്ദ്രം തുടങ്ങാന്‍ തയ്യാറായാല്‍ ഭൂമി അവര്‍ക്ക് കൈമാറും. അല്ലാത്തപക്ഷം അതേ മാതൃകയില്‍ മറ്റൊരു കേന്ദ്രം ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കും. എന്നാല്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നേരത്തെ തുടങ്ങിയ പദ്ധതികള്‍ തന്നെ എങ്ങുമെത്താത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന പദ്ധതി എത്രത്തോളം പ്രായോഗികമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആരോഗ്യ-റവന്യൂ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍ ഐ ഷാജു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, അഡീഷനല്‍ തഹസില്‍ദാര്‍ രാജേന്ദ്രകുമാര്‍, താലൂക്ക് സര്‍വേയര്‍ പ്രീത് വര്‍ഗീസ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it