Flash News

ശ്രീകാന്തും പ്രണോയും സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍

ശ്രീകാന്തും പ്രണോയും സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍
X



വുഹാന്‍: ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും എച്ച് എസ്സ് പ്രണോയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ മറ്റൊരു പ്രതീക്ഷയായിരുന്ന സായ് പ്രണീത് പരാജയം രുചിച്ചു. വനിതാ സിംഗിള്‍സില്‍ നിലവിലെ ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു ലോക 22ാം നമ്പര്‍ താരം ചൈനയുടെ ഷിയാക്‌സിന്‍ ചെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍ 21-12,21-15. എന്നാല്‍ ലോക 28ാം നമ്പര്‍ താരമായ ചൈനയുടെ തന്നെ ഫാങ്ജി ഗാവോയെയാണ് ലോക 12ാം നമ്പര്‍ താരമായ സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-18,21-8. ആദ്യ സെറ്റ് ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും 21-18ന് സ്വന്തമാക്കിയ സൈന രണ്ടാം സെറ്റില്‍ 21-8ന് അനായാസജയം അക്കൗണ്ടിലാക്കി സെറ്റും മാച്ച് പോയിന്റും നേടുകയായിരുന്നു. ക്വാര്‍ട്ടറില്‍ സൈന കഴിഞ്ഞ ടൂര്‍ണമെന്റിലെ വെങ്കലമെഡല്‍ ജേത്രിയും ലോക 15ാം നമ്പര്‍ താരവുമായ കൊറിയയുടെ ജാങ് മി ലീയുമായും സിന്ധു കൊറിയയുടെ തന്നെ ലോക ഒമ്പതാം നമ്പര്‍ താരം ജി ഹ്യുന്‍ സങിനെയും നേരിടും. പുരുഷ സിംഗിള്‍സില്‍ നിലവിലെ ലോക അഞ്ചാം നമ്പര്‍ താരമായ ശ്രീകാന്ത് മല്‍സരത്തിനിടെ എതിര്‍ താരത്തിന്റെ  പിന്‍വാങ്ങള്‍ മൂലം ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഹോങ്കോങിന്റെ വോങ് വിങ് കി വിന്‍സെന്റിനെതിരേ 7-2ന് മുന്നിട്ടു നില്‍ക്കുമ്പോള്‍ പരിക്ക് മൂലം ഹോങ്കോങ് താരം പിന്‍മാറിയതോടെയാണ് ശ്രീകാന്തിന് ക്വാര്‍ട്ടറിലേക്കുള്ള വഴി തെളിഞ്ഞത്. ലോക 10ാം നമ്പര്‍ താരമായ പ്രണോയ് റാങ്കിങില്‍ തന്റെ തൊട്ടുപിറകിലുള്ള തായ്‌പെയുടെ ത്സു വെയ് വാങിനെ ആദ്യ സെറ്റ് പിറകില്‍ നിന്ന ശേഷം ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചാണ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റുറപ്പിച്ചത.് സ്‌കോര്‍ 16-21,21-14,21-12. ക്വാര്‍ട്ടറില്‍ ശ്രീകാന്ത് നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ തന്നെ പരാജയപ്പെടുത്തിയ മലേസ്യയുടെ ലീ ചോങ്് വെയെയും എച്ച് എസ്സ് പ്രണോയ് കൊറിയയുടെ ലോക രണ്ടാം നമ്പര്‍ താരം വാന്‍ ഹൊ സണിനെയും നേരിടും. അതേസമയം, 2017ലെ ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സ് സ്വര്‍ണമെഡലിസ്റ്റ് ചൈനയുടെ ചെന്‍ ലോങിനോട് 21-12,21-12 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സായ് പ്രണീത് പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it