ശ്യാമള കൊലക്കേസ്: വിചാരണ അന്തിമ ഘട്ടത്തില്‍

തിരുവനന്തപുരം: പപ്പട കമ്പനി ജീവനക്കാരി ശ്യാമളയെ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൊല ചെയ്ത് റോഡപകട മരണമാക്കിയ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍. അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരായ വിജയന്‍ നായര്‍, വിജയകുമാര്‍ എന്നിവരാണ് പ്രതികള്‍.
അസ്വാഭാവിക മരണമെന്നു വഞ്ചിയൂര്‍ പോലിസ് എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്നു തെളിയുകയായിരുന്നു. പ്രതികളില്‍ ഒരാളുടെ ഭാര്യയോട് പ്രതിക്ക് പപ്പട കമ്പനിയിലെ സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നു ശ്യാമള പറഞ്ഞ വിരോധത്താലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2001ലാണ് കേസിനാസ്പദമായ സംഭവം.
പപ്പട കമ്പനിയില്‍ നിന്നു പപ്പടം ശേഖരിച്ച് കടകളില്‍ വിതരണം ചെയ്യുന്നതും ജീവനക്കാരികളെ ജോലി കഴിഞ്ഞു സന്ധ്യക്ക് ബസ് സ്‌റ്റോപ്പില്‍ കൊണ്ടെത്തിക്കുന്നതും പ്രതികളുടെ ഓട്ടോറിക്ഷയിലാണ്. സംഭവ ദിവസം ശ്യാമളയെ മോഹനന്‍ നായര്‍ ഓട്ടോയില്‍ കയറ്റി എകെജി സെന്ററിന് താഴെയുള്ള സുകുമാര്‍ വര്‍ക്‌ഷോപ്പില്‍ കൊണ്ടുപോവുകയായിരുന്നു. പ്രതികളുടെ മര്‍ദനത്തില്‍ ശ്യാമള ബോധരഹിയായി. മരിച്ചെന്ന് അനുമാനിച്ച പ്രതികള്‍ ശ്യാമളയെ ഓട്ടോയില്‍ കയറ്റി പാറ്റൂര്‍ വഞ്ചിയൂര്‍ റോഡരികില്‍ കിടത്തുകയും റോഡപകട മരണമാണെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു.
കേസന്വേഷണത്തില്‍ വഞ്ചിയൂര്‍ പോലിസ് അലംഭാവം കാട്ടിയതിനെതിരേ ശ്യാമളയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it