thrissur local

ശ്മശാന പറമ്പില്‍ തനിച്ചായതിന്റെ ഭീതി വിട്ടുമാറാതെ ഷെഹ്ജ

കെ എം അക്ബര്‍

ചാവക്കാട്: രാത്രി ലാലൂരിലെ ശ്മശാന പറമ്പില്‍ തനിയെ നില്‍ക്കേണ്ടി വന്നതിന്റെ ഭീതി മണിക്കൂര്‍ 24 കഴിഞ്ഞിട്ടും നാലു വയസ്സുകാരി ഷെഹ്ജയുടെ മുഖത്തു നിന്നും മാറിയിട്ടില്ല. ഇടക്കിടെ പിതാവിനും മാതാവിനും അടുത്തെത്തി അവള്‍ ചേര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ വീട്ടിലെത്തുന്ന സഹപാഠികളെ കാണുമ്പോഴാണ് ഷെഹ്ജക്ക് തെല്ലൊരാശ്വാസം തോന്നുന്നത്. കഴിഞ്ഞ ദിവസം രാത്രി പിതാവ് എടക്കഴിയൂര്‍ ആച്ചപ്പിള്ളി സലീമുമൊന്നിച്ച് കാറില്‍ പോവുമ്പോഴാണ് പേരാമംഗലം മനപ്പടിയില്‍ വെച്ച് നാലംഗ സംഘം കാറില്‍ പിന്നില്‍ തീപാറുന്നുണ്ടെന്ന് പറഞ്ഞ് കാര്‍ നിര്‍ത്തിച്ചത്.
പിന്നീട് സലീമിന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം സംഘം കാറുമായി രക്ഷപ്പെട്ടു. ഇതേ സമയം മുന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു ഷെഹ്ജ. ഉടന്‍ തന്നെ വിവരം സലീം പേരാമംഗലം പോലിസില്‍ അറിയിച്ചു. പോലിസ് അന്വേഷണം നടത്തുന്നതിനിടേയാണ് ലാലൂരിലെ ശ്മശാന പറമ്പിനടുത്ത് നിന്നു ഷെഹ്ജയെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ കണ്ടത്.
വിവരം പോലിസില്‍ അറിയിച്ചതോടെ മകളെ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു സലീം. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മാതാവിനെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോയി കൂട്ടിക്കൊണ്ടു വരാനാണ് ഷെഹ്ജ പിതാവുമൊപ്പം കാറില്‍ പുറപ്പെട്ടത്. അമിത വേഗതയില്‍ കാര്‍ പാഞ്ഞതോടേയാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതെന്ന് ഷഹ്ജ പറയുന്നു. ലാലൂരിലെ ശ്മശാന പറമ്പില്‍ ഉപേക്ഷിച്ചതോടെ ഒറ്റക്കായ താന്‍ പേടിച്ച് കരഞ്ഞുവെന്നും ശബ്ദം കേട്ട് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് പേടി മാറിയതെന്നും ഷെഹ്ജ പറയുന്നു.
വിവരമറിഞ്ഞ് ഇന്നലെ എടക്കഴിയുരിലുള്ള സലീമിന്റെ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് എത്തിയത്. പുറമെ എടക്കഴിയൂര്‍ ജിഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഷെഹ്ജയെ കാണാന്‍ സഹപാഠികളും അധ്യാപകരും വീട്ടിലെത്തിയിരുന്നു. എടക്കഴിയൂരില്‍ വസ്ത്ര വ്യാപാരിയാണ് സലീം.
Next Story

RELATED STORIES

Share it