ശോഭ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: യുഡിഎഫിന് പിന്നാലെ ബിജെപിയിലും ലഘുലേഖ വിവാദം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുറത്തിറക്കിയ ലഘുലേഖയില്‍നിന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ ഒഴിവാക്കിയത് വാര്‍ത്തയായതിന് പിന്നാലെയാണ് ബിജെപി പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നു ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രനെയും തഴഞ്ഞത്. ഭരണപരാജയത്തിന്റെ ഇരുട്ടില്‍ നിന്നു വികസനത്തിന്റെ വെളിച്ചത്തിലേക്ക് എന്ന തലക്കെട്ടോടെ ബിജെപി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍നിന്നാണ് ശോഭ സുരേന്ദ്രനെ പുറത്താക്കിയത്.
സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ഒ രാജഗോപാല്‍ എന്നിവര്‍ക്കു പുറമേ ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, കെ പി ശ്രീശന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ലഘുലേഖയിലുണ്ട്. എന്നാല്‍, ദേശീയ നിര്‍വാഹകസമിതിയില്‍ കേരളത്തില്‍നിന്നുള്ള ഏക വനിതാംഗമായ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. സംസ്ഥാന നേതൃത്വവുമായി സ്വരച്ചേര്‍ച്ചയില്ലാത്തതാണു ശോഭ സുരേന്ദ്രനെ ഒഴിവാക്കാന്‍ കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. മിസ്ഡ് കോള്‍ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് ലഘുലേഖ വിഷയവും ബിജെപിയില്‍ കലാപത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it