ശോഭന ജോര്‍ജ് സിപിഎമ്മിലേക്ക്

ചെങ്ങന്നൂര്‍: മൂന്നു തവണ ചെങ്ങന്നൂരിലെ യുഡിഎഫ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് സിപിഎമ്മിലേക്ക് ചേക്കേറുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുമെന്നും ശോഭന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏറെനാളായി കോണ്‍ഗ്രസ്സുമായി അകന്നു കഴിഞ്ഞിരുന്ന ശോഭന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചെങ്ങന്നൂരില്‍ മല്‍സരിച്ചിരുന്നു. പിന്നീട് ഇടതു നേതാക്കള്‍ ശോഭന ജോര്‍ജിനെ മല്‍സരിപ്പിച്ചത് തങ്ങളാണെന്ന തരത്തില്‍ പ്രസ്താവനയിറക്കിയത് ഏറെ വിവാദമായിരുന്നു.
1991 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ചെങ്ങന്നൂരില്‍നിന്നു മല്‍സരിച്ചു വിജയിച്ചിട്ടുള്ളയാളാണു ശോഭന. എന്നാല്‍, 2006ല്‍ ഈ സീറ്റില്‍ പി സി വിഷ്ണുനാഥ് മല്‍സരിക്കുകയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതായതോടെ പ്രതിഷേധിച്ച് വിഷ്ണുനാഥിനെതിരേ സ്വതന്ത്രയായി മല്‍സരിച്ചു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടു. വിമത സ്ഥാനാര്‍ഥിയായിരുന്ന അവര്‍ക്ക് 3966 വോട്ടാണു ലഭിച്ചത്. വിഷ്ണുനാഥിന്റെ പരാജയത്തിന് ഒരുപരിധിവരെ കാരണമായത് ശോഭന ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. ഇടയ്ക്ക് ശോഭന ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു. ശോഭനയെ ബിജെപിയിലെത്തിക്കാനായി ചരടുവലികളും നടന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് എല്‍ഡിഎഫ് പ്രവേശനം ശോഭന അറിയിച്ചത്.
Next Story

RELATED STORIES

Share it