ശോഭനാ ജോര്‍ജിനെതിരായ പരാമര്‍ശം: എം എം ഹസനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ശോഭനാ ജോര്‍ജിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. ഹസന്‍ തനിക്കെതിരേ നടത്തിയ പ്രസ്താവന അപകീര്‍ത്തിപരമാണെന്നു കാണിച്ച് മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയിലാണു നടപടി.
പരാതി സംബന്ധിച്ച നിയമോപദേശത്തിനായി കമ്മീഷന്റെ ലോ ഓഫിസറെ ചുമതലപ്പെടുത്തി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എം എം ഹസന്‍ പ്രതികരിച്ചു. സിപിഎം നേതാവ് അധ്യക്ഷയായിരിക്കുന്നിടത്തോളം കാലം വനിതാ കമ്മീഷന് ആര്‍ക്കെതിരേയും കേസെടുക്കാം.
ശോഭനാ ജോര്‍ജിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1991ല്‍ ഡി വിജയകുമാറിന് പകരം ശോഭനാ ജോര്‍ജ് സ്ഥാനാര്‍ഥിയായതിനെപ്പറ്റി കാമറയ്ക്കു മുമ്പില്‍ പറയാന്‍ കഴിയില്ലെന്ന ഹസന്റെ പ്രസ്താവനയാണു വിവാദമായത്. കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട പരാമര്‍ശമല്ല എം എം ഹസനില്‍ നിന്ന് ഉണ്ടായതെന്നും രാഹുല്‍ഗാന്ധിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ശോഭന പറഞ്ഞു. കാര്യങ്ങള്‍ തുറന്നുപറയാന്‍ ഹസന്‍ തയ്യാറായില്ലെങ്കില്‍ ചെങ്ങന്നൂര്‍ വോട്ടെടുപ്പിനുശേഷം ചില കാര്യങ്ങള്‍ തുറന്നുപറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it