ശൈശവ വിവാഹത്തിനെതിരേ കര്‍ശന നടപടികളുമായി സാമൂഹികക്ഷേമ വകുപ്പ്

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്തെ ശൈശവ വിവാഹത്തെക്കുറിച്ച് തേജസ് പുറത്തുകൊണ്ടുവന്ന ഞെട്ടിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ സാമൂഹികക്ഷേമ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. എല്ലാ ജില്ലകളിലെയും ശൈശവ വിവാഹങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കാന്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്ക് സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 1,81,799 ശൈശവ വിവാഹങ്ങള്‍ നടന്നതായും ഇവര്‍ക്ക് 10,175 കുഞ്ഞുങ്ങള്‍ പിറന്നതായും തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികക്ഷേമ വകുപ്പിന്റെ പുതിയ നീക്കം.
18 വയസ്സ് തികയാത്ത പെണ്‍കുട്ടികളെ വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ക്കെതിരേ പിഴ ചുമത്താനും ഡയറക്ടര്‍ ആവശ്യപ്പെട്ടു. ശൈശവ വിവാഹം നടക്കുന്ന കാര്യം മുന്‍കൂട്ടിയറിഞ്ഞു തടയാനും വിവാഹം നടന്നാല്‍ അവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യിച്ച് രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞാല്‍ സാമൂഹികക്ഷേമ വകുപ്പിനെ അറിയിക്കണമെന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് 18 വയസ്സിനു താഴെയുള്ള വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ കൈമാറാനും ഡയറക്ടര്‍ ഉത്തരവു നല്‍കി. ആദ്യം ബോധവല്‍ക്കരണവും പിന്നീട് നിയമനടപടികളുമാണു സ്വീകരിക്കുകയെന്ന് സാമൂഹികക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തേജസിനോടു പറഞ്ഞു.
ശൈശവ വിവാഹങ്ങളില്‍ അധികവും കോടതിയിലെത്തിയാ ല്‍ ഊരിപ്പോവുന്ന അവസ്ഥയാണുള്ളത്. തെളിവില്ലാത്തതാണ് പ്രധാനകാരണം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം ശൈശവ വിവാഹങ്ങള്‍ക്കു കുറവായിരിക്കും. വിവാഹത്തി ല്‍ പങ്കെടുക്കുന്നതും കുറ്റകരമായതിനാല്‍ പങ്കെടുത്തവരും വിവരം പുറത്തുപറയില്ല. ഭീഷണി കാരണം സ്ത്രീകള്‍ മൊഴിനല്‍കാത്ത അവസ്ഥയും ഉണ്ട്. രഹസ്യമായി നടക്കുന്ന വിവാഹങ്ങള്‍ അറിയാനും സാധ്യത കുറവാണ്. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തുന്നതുപോലും 10 വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നകാര്യം പലരും മറന്നുപോവുകയാണെന്ന് ഈരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ജില്ലാ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളുടെ കണക്കു ശേഖരിക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് നിര്‍ദേശം നല്‍കി. ശൈശവ വിവാഹങ്ങള്‍ക്കെതിരേ ജില്ലാ, താലൂക്ക് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ നടക്കാത്ത അവസ്ഥയുണ്ടാവുന്നതുവരെ ക്ലാസുകള്‍ തുടരും. ശക്തമായ നിയമനടപടികള്‍ അതിനുശേഷമായിരിക്കും സ്വീകരിക്കുക. കൂടുതല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരെ ആവശ്യമായ ജില്ലകളില്‍ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it