ശൈശവവിവാഹം: മലപ്പുറം കേരള ശരാശരിയേക്കാള്‍ താഴെ

.







തിരുവനന്തപുരം: ശൈശവ വിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിനിടയില്‍ മലപ്പുറം ജില്ല പെണ്‍കുട്ടികളുടെ ശൈശവ വിവാഹത്തില്‍ സംസ്ഥാന ശരാശരിയെക്കാള്‍ താഴെയെന്ന് 2011ലെ സെന്‍സസ് റിപോര്‍ട്ട്. റിപോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ 12ഉം 15ഉം വയസ്സിനിടയില്‍ 0.604 ശതമാനം പെണ്‍കുട്ടികള്‍ വിവാഹിതരായപ്പോള്‍ മലപ്പുറം ജില്ലയിലത് 0.594 ശതമാനം മാത്രമാണ്.
കേരളത്തില്‍ 38,41,333 പേരില്‍ 23,183 പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിനു വിധേയരായതായി റിപോര്‍ട്ടിലുണ്ട്. മലപ്പുറത്ത് 6,08,751 പേരില്‍ 3615 പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിനു വിധേയരായതായി സെന്‍സസ് വ്യക്തമാക്കുന്നു. എണ്ണത്തില്‍ ഏറ്റവും കൂടുതലാണെങ്കിലും ജനസംഖ്യ ആനുപാതിക കണക്കില്‍ തലസ്ഥാന ജില്ലയെക്കാളും താഴെയാണ് മലപ്പുറം ജില്ല.


ശൈശവ വിവാഹവുമായി ബന്ധപ്പെട്ട്  ജില്ലയ്ക്കതിരേ ദേശീയതലത്തില്‍ വരെ വ്യാപകമായ കുപ്രചാരണം നടക്കുമ്പോഴാണ് അവയെ ഖണ്ഡിച്ചുസെന്‍സസ് റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. റിപോര്‍ട്ട് പ്രകാരം പെണ്‍കുട്ടികളുടെ ശൈശവ വിവാഹം ഏറ്റവും കുറവ് തൃശൂര്‍ ജില്ലയിലാണ് 0.493 ശതമാനം. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലൂടെ കുടുംബജീവിതത്തില്‍ പ്രവേശിക്കുന്നവരില്‍ 10,175 കുട്ടികള്‍ ജനിച്ചിട്ടുണെ്ടന്നും റിപോര്‍ട്ടില്‍ പറയുന്നു.


സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതല്‍ ശൈശവ വിവാഹം നടന്നത് പത്തനംതിട്ട (0.808), ആലപ്പുഴ (0.735), തിരുവനന്തപുരം (0.730), കൊല്ലം (0.667), കണ്ണൂര്‍ (0.665) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.


12നും 15നും ഇടയിലുള്ള പെണ്‍കുട്ടികളുടെ എണ്ണം, 15 വയസ്സിനു താഴെ വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം, ശരാശരി എന്നിവ യഥാക്രമം- കാസര്‍കോട് (1,67,630- 856- 0.511), കണ്ണൂര്‍ (2,92,147- 1943- 0.665), കോഴിക്കോട് (3,67,651-2082-0.566), മലപ്പുറം (6,08,751-3615-0.594), തിരുവനന്തപുരം (3,47,500-2537-0.730), തൃശൂര്‍ (3,36,547-1660-0.493), ഇടുക്കി (1,21,392-643-0.530), പാലക്കാട് (3,33,425-1867--0.560), വയനാട് (1,04,047-533-0.512, കൊല്ലം (2,86,528-1912-0.667), എറണാകുളം (3,39,572-1834-0.540), ആലപ്പുഴ (2,18,289- 1605-0.735), പത്തനംതിട്ട (1,14,490-925-0.808), കോട്ടയം (2,03,364-1171-0.576) . കേരളം (38,41,333-23,183-0.604).—


സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 600 ശൈശവ വിവാഹം നടക്കുന്നതായുള്ള ഔദ്യോഗിക കണക്ക് നേരത്തെ പുറത്തുവന്നിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സ്‌കീം (ഐ.സി.ഡി.എസ്) പദ്ധതിപ്രകാരമുള്ള റിപോര്‍ട്ടില്‍ 2010 മുതല്‍ 2014 വരെ കേരളത്തില്‍ 2740 ശൈശവ വിവാഹം നടന്നിട്ടുണ്ട്. 545 വിവാഹം ഐ.സി.ഡി.എസ്. ഇടപെട്ട് തടഞ്ഞു. 2740 വിവാഹം നടന്നതില്‍ 261 എണ്ണത്തിനു മാത്രമാണ് കേസെടുത്തത്.


2010 മുതല്‍ 2015 വരെ 1539 ശൈശവ വിവാഹം നടന്നതില്‍ 252 വിവാഹങ്ങള്‍ മലപ്പുറത്ത് അധികൃതര്‍ക്കു തടയാന്‍ കഴിഞ്ഞു. 2010ല്‍ 344 വിവാഹങ്ങള്‍ നടന്നപ്പോള്‍ ഇക്കൊല്ലം ജൂലൈ വരെ 85 ശൈശവ വിവാഹങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. അതേസമയം, സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് യുനിസെഫ് റിപോര്‍ട്ടിലും പറയുന്നു.



Next Story

RELATED STORIES

Share it