thrissur local

ശൈത്യകാലമായതോടെ പാടങ്ങള്‍ പക്ഷികളുടെ പറുദീസയായി മാറുന്നു

കൊടകര: ശൈത്യകാലമായതോടെ പാടങ്ങള്‍ പക്ഷികളുടെ പറുദീസയായി മാറുന്നു. പറപ്പൂക്കര, ആളൂര്‍, മുരിയാട് പഞ്ചായത്തുകളിലെ പാടങ്ങളിലാണ് പകല്‍ സമയത്ത് പക്ഷികള്‍ കൂട്ടമായി പാറി വരുന്നത്. പാടശേഖരങ്ങളില്‍ കൃഷിയൊരുക്കം നടക്കുന്നതിനാല്‍ ചെറുമീനുകളും ഞണ്ടും ഞവണിക്കയും ചെറുപുഴുക്കളും തേടിയാണ് പറവക്കൂട്ടങ്ങള്‍ പാടങ്ങളില്‍ പറന്നിറങ്ങുന്നത്.
നാടന്‍പക്ഷികള്‍ക്കു പുറമെ ദേശാടന പക്ഷികളും ഇങ്ങനെ പാടങ്ങളിലെത്തി തുടങ്ങിയിട്ടുണ്ട്. മുരിയാട് കായല്‍ നിലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പക്ഷികള്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശാടനപക്ഷികള്‍ ഇവിടെയെത്തും. കരണ്ടികൊക്കന്‍ എന്ന യുറേഷ്യന്‍ സ്പൂണ്‍ ബില്‍, വൈറ്റ് സ്‌റ്റോര്‍ക്ക്, സ്‌പോട്ട് ബെല്ലിഡ് പെലിക്കണ്‍ എന്നിവയാണ് ഈ പ്രദേശത്ത് എത്തുന്ന ദേശാടനകൊക്കുകള്‍.
കൃഷ്ണപരുന്ത്, ചക്കിപ്പരുന്ത് എന്നിവയും ഇവിടെ കാണപ്പെടുന്നു. യൂറോപ്പിലും ആഫ്രിക്കയിലും പ്രജനനം നടത്തുന്ന യുറേഷ്യന്‍ ഹോബി എന്ന പരുന്തിനേയും മുരിയാട് കായല്‍ നിലങ്ങളില്‍ കാണപ്പെടുന്നു. ചന്ദനമുഴയന്‍ എന്ന് പേരിട്ടിട്ടുള്ള യുറേഷ്യന്‍ വീജിയന്‍, വാലന്‍ എരണ്ടയെന്ന നോര്‍തേണ്‍ പിന്‍ടെയില്‍, കോരിച്ചുണ്ടന്‍, നോര്‍തേണ്‍ ഷോവെലര്‍ തുടങ്ങിയ പക്ഷികള്‍ മഞ്ഞുകാലത്ത് മുരിയാട് പ്രദേശത്തെത്തുന്ന വിരുന്നുകാരാണ്.
യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പറന്നെത്തുന്നത്. ഗാര്‍ഗാനി എന്ന വരി എരണ്ടകളും ധാരാളമായി ഇവിടെ കാണാനാകും. നാടന്‍ ഇനങ്ങളായ ചൂളന്‍ എരണ്ടയും പുള്ളിച്ചുണ്ടന്‍ താറാവും പച്ച എരണ്ടയും മുങ്ങാം കോഴിയും മുരിയാട് കായല്‍ പ്രദേശത്ത് കാണപ്പെടുന്നു. ആറ്റക്കുരുവികളെക്കാള്‍ ചെറുതായ ചുവന്ന മുനിയകളുടെ കൂട്ടവും മുരിയാട്ടെ വിരുന്നുകാരുടെ കൂട്ടത്തിലുണ്ട്. എപ്പോഴും ഒരു വലിയ കൂട്ടങ്ങളായിട്ടാണ് ഇവ ഇരതേടി ഇറങ്ങുന്നത്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവ വന്നെത്തുന്നത്.
Next Story

RELATED STORIES

Share it