Flash News

ശെരീഫിന്റെ മക്കള്‍ക്കെതിരേ ജാമ്യമില്ലാ വാററന്റ്



ഇസ്‌ലാമാബാദ്: പാനമ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ കുറ്റം ചുമത്തുന്നത് അഴിമതി വിരുദ്ധ കോടതി നീട്ടിവച്ചു. ഈമാസം 9ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അന്ന് ശരീഫിനെതിരേ കുറ്റം ചുമത്തുമെന്നാണു കരുതുന്നത്. അതേസമയം, കേസില്‍ ശരീഫിന്റെ മക്കള്‍ക്കും മരുമകനുമെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും കോടതി ഉത്തരവിട്ടു. ശരീഫിന്റെ മക്കളായ മറിയം, ഹുസയ്ന്‍, ഹസന്‍ എന്നിവരും മരുമകന്‍ മുഹമ്മദ് സഫ്ദറും ഒക്ടോബര്‍ ഒമ്പതിന് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയില്‍ ഹാജരാവുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവന്നതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ശരീഫിന്റെ പത്‌നി കുല്‍സും നവാസിന്റെ ചികില്‍സയ്ക്കായി മക്കളും മരുമക്കളം ലണ്ടനില്‍ കഴിയുകയാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നും അവരുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. കനത്ത സുരക്ഷയോടെയാണ് നവാസ് ശരീഫ് ഇന്നലെ കോടതിയില്‍ ഹാജരായത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ശരീഫിനെ കോടതി അയോഗ്യനാക്കിയിരുന്നു. അതേസമയം, പാകിസ്താന്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ദേശീയ അസംബ്ലികൂടി അംഗീകരിച്ച ബില്ലില്‍ പ്രസിഡന്റ് ഒപ്പുവച്ചാല്‍ നിയമമായി മാറും. അയോഗ്യതയെത്തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനത്തിനും ദേശീയ അസംബ്ലി അംഗത്വത്തിനുമൊപ്പം ഭരണകക്ഷി പിഎംഎല്‍-എന്നിന്റെ നേതൃസ്ഥാനത്തുനിന്നും നവാസ് ശരീഫ് ഒഴിഞ്ഞിരുന്നു. പുതിയ നിയമനിര്‍മാണത്തിന് അംഗീകാരം ലഭിച്ചാല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കു ശരീഫിനു തിരിച്ചുവരാം. ദേശീയ അസംബ്ലി അംഗത്വത്തിന് അയോഗ്യത കല്‍പിക്കപ്പെട്ടവര്‍ക്കും പാര്‍ട്ടി നേതൃത്വസ്ഥാനത്തിരിക്കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it