Kollam Local

ശെന്തുരുണി വനത്തില്‍ 300ഓളം കാട്ടാനകള്‍



കൊല്ലം: വന്യജീവികളുടെ സുരക്ഷിത സങ്കേതമായ ശെന്തുരുണി വനത്തില്‍ കാട്ടാനകളുടെ എണ്ണം വര്‍ധിച്ചു. 272 കാട്ടാനകള്‍ ഉണ്ടെന്നാണ് 2012ല്‍ വനംവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത്. ഇപ്പോള്‍ ആനകളുടെ എണ്ണം 300നടുത്ത് എത്തിയിട്ടുണ്ടാകുമെന്ന് വനം വന്യജീവിവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. കേരളത്തിലെ വനത്തില്‍ ആകെ 6177 കാട്ടാനകളുണ്ടെന്നായിരുന്നു കണക്ക്. ഇതും വര്‍ധിച്ചിട്ടുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തിലുള്‍പ്പെടുന്ന വനമേഖലയില്‍ ആനവേട്ട പൂര്‍ണമായും നിയന്ത്രിക്കാനായിട്ടുണ്ട്. ശെന്തുരുണി വനത്തില്‍നിന്ന് തിരുവനന്തപുരം ഡിവിഷനിലുള്‍പ്പെടുന്ന വനത്തിലേക്കും തെന്മല മേഖലയിലേക്കും തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്‍തുറ കടുവാസങ്കേത മേഖലകളിലേക്കും ആനകള്‍ക്ക് സുഗമ സഞ്ചാരത്തിന് സൗകര്യമുണ്ട്. എന്നാല്‍, ദേശീയപാതയും റെയില്‍പാതയും വന്നതിനുശേഷം അച്ചന്‍കോവില്‍ ഉള്‍പ്പെടെ തമിഴ്‌നാട് മേഖലയിലെ വനപ്രദേശം മുറിഞ്ഞു. രണ്ട് സ്ഥലങ്ങളിലേയും കാട്ടാനകളുടെയും മറ്റു വന്യജീവികളുടേയും സഞ്ചാരമാര്‍ഗവും തടസ്സപ്പെട്ടു. കാട്ടാനകളുടെ സഞ്ചാരത്തിന് ഇടനാഴി പദ്ധതി നടപ്പാക്കുമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങള്‍ ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it