Kollam Local

ശെന്തുരുണി ജൈവവൈവിധ്യത്തിന്റെ പറുദീസ

അനേകവര്‍ഗം ജീവജാലങ്ങളുടേയും സസ്യലതാദികളുടെയും ജൈവവൈവിധ്യത്തിന്റെ പറുദീസയിലാണ് അപൂര്‍വതയുടെ തലയെടുപ്പുമായി നില്‍ക്കുന്ന ശെന്തുരുണി ഏതാണ്ട് അഞ്ചിനം ഹരിത വനങ്ങളുടെ സമൃദ്ധിയാണ്. നിത്യഹരിത വനങ്ങള്‍ ഹൃദ്യമായ കാഴ്ചാനുഭവമാണ്. ശെന്തുരുണി പുഴയുള്‍പ്പെടെ നിരവധി നീര്‍ച്ചാലുകള്‍ വനാന്തരങ്ങളിലൂടെ ഒഴുകുന്നു. മലമടക്കുകളിലെ ചോലവനങ്ങളും കാഴ്ചക്ക് കുളിര്‍മ പകരുന്നു. ഇവിടെ വന്യജീവിതത്തിന്റെ സമ്പല്‍സമൃദ്ധിയും പ്രകടമാണ്. ആന, കാട്ടുപോത്ത് എന്നിവയാണ് പ്രധാനം. കടുവ, പുലി, കരടി, കേഴമാന്‍, കരിങ്കുരങ്ങ്, സിംഹവാലന്‍, പന്നി, മലയണ്ണാന്‍ തുടങ്ങിയവയും രാജവെമ്പാല മുതല്‍ വിവിധതരം പാമ്പ് വര്‍ഗങ്ങളും ധാരാളം.

സമീപകാലത്ത് മികച്ച ഒരു ശലഭ നിരീക്ഷക സങ്കേതമെന്ന നിലയിലും ശെന്തുരുണി മേഖല ശ്രദ്ധിക്കപ്പെട്ടുവരുന്നുണ്ട്. അത്യപൂര്‍വയിനങ്ങളുള്‍പ്പെടെ 273 ഇനം ചിത്രശലഭങ്ങളാണ് ഈ വനമേഖലയിലുണ്ടെന്ന് കണ്ടത്തെിയിട്ടുള്ളത്.
കേരളത്തിലെ ആദ്യത്തേതും വലുതുമായ തെന്മല ഇക്കോ ടൂറിസം പദ്ധതി പ്രദേശം ശെന്തുരുണി വനമേഖല കൂടി ഉള്‍പ്പെട്ടതാണ്.
മനുഷ്യവാസത്തിന്റെ സമ്പന്ന ചരിത്രമുള്ള ഒരു നദീതട സംസ്‌കാരത്തിന്റെ പേര് കൂടിയാണ് ശെന്തുരുണി. ലോകത്തെ ആദിമസംസ്‌കാരങ്ങളിലൊന്നായി കണക്കാക്കുന്ന സിന്ധുനദീതട സംസ്‌കാരത്തേക്കാള്‍ പഴക്കമുള്ളതെന്ന് കരുതേണ്ടുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശെന്തുരുണി മേഖലയില്‍നിന്ന് സമീപകാലത്ത് കണ്ടെടുത്തിട്ടുണ്ട്. സംസ്‌കാരാവശിഷ്ടങ്ങള്‍ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ അയ്യായിരത്തിലേറെ വര്‍ഷം പഴക്കം കാണിക്കുന്നതാണത്രെ.
ശെന്തുരുണി മലനിരകളില്‍നിന്ന് ഉത്ഭവിച്ച് വനാന്തരങ്ങളിലൂടെ ഒഴുകുന്ന ശെന്തുരുണിയുടെ തീരങ്ങളില്‍ ശിലായുഗത്തില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്ന കണ്ടത്തെല്‍ 25വര്‍ഷം മുമ്പ് പൂണെ ഡക്കാന്‍ കോളജിലെ പുരാവസ്തു ഗവേഷകനും മലയാളിയുമായ ഡോ. പി. രാജേന്ദ്രനാണ് നടത്തിയത്. ഇത് വിശ്വസനീയമാണെങ്കില്‍ അയ്യായിരത്തില്‍ താഴെ വര്‍ഷം മാത്രം പഴക്കമുള്ള സിന്ധൂനദീതട സംസ്‌കാരത്തെ കവച്ചു വെക്കുന്ന പഴമയാണ് തെക്കന്‍ കേരളത്തിലെ പശ്ചിമഘട്ട സാനുക്കളിലെ മനുഷ്യചരിത്രത്തിനുള്ളത്.
Next Story

RELATED STORIES

Share it