Flash News

ശൂന്യതയിലേക്ക് ലയിച്ചുപോയവരില്‍ അവളും

ശൂന്യതയിലേക്ക് ലയിച്ചുപോയവരില്‍ അവളും
X
ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 9


കെ എ സലിം

ബാരാമുല്ല ജില്ലയിലെ പത്താന്‍ പല്‍ഹലനിലുള്ള പ്രായപൂര്‍ത്തിയാവാത്ത ഈ പെണ്‍കുട്ടിയുടെ കഥ കൂടി കേള്‍ക്കൂ. 1999 അവസാനത്തില്‍ സൈന്യം അവളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. ഇഖ്‌വാനിയായ അയല്‍ക്കാരന്‍ മുഹമ്മദ് ലത്തീഫ് മീര്‍ തന്നെയാണ് അവിടേക്ക് സൈന്യത്തെ എത്തിച്ചത്. പരിസരത്ത് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും വിവരം തരണമെന്നുമായിരുന്നു ആവശ്യം. അവള്‍ക്കൊന്നും അറിയില്ലായിരുന്നു.



അന്ന് രാത്രി പല്‍ഹല്‍ സൈനിക ക്യാംപില്‍ മേജര്‍ സിന്‍ഹ അവളെ ബലാത്സംഗം ചെയ്തു. നിന്റെ സ്‌കൂളില്‍ പഠിക്കുന്ന സഹോദരനെ കൂടി ഞങ്ങള്‍ തട്ടിക്കൊണ്ടുവന്നിട്ടുണ്ടെന്ന് അയാള്‍ അവളോട് പറഞ്ഞു. സ്‌കൂളില്‍ ക്ലാസിനിടയില്‍ തട്ടിക്കൊണ്ടുവന്നതായിരുന്നു അ—വനെ. പിന്നീട് തനിക്കെന്ത് സംഭവിച്ചുവെന്ന് അവള്‍ പറയുന്നുണ്ട്. ഒമ്പതു പേരുണ്ടായിരുന്നു അവര്‍. സിന്‍ഹയുടെ നിര്‍ദേശപ്രകാരം സൈനികരിലൊരാള്‍ അവളുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കീറിയെറിഞ്ഞു. ലാത്തി മുറിയുന്നതുവരെ പൊതിരെ തല്ലി. ചോരയില്‍ കുളിച്ചുകിടക്കുന്ന അവളുടെ കാലില്‍ വണ്ണമുള്ള റോളര്‍ കയറ്റിവച്ച് ഉരുട്ടി. പ്ലാസ്റ്റിക് ഉരുക്കി അവളുടെ ജനനേന്ദ്രിയത്തിനുള്ളിലേക്കൊഴിച്ചു.

ഇതെല്ലാം നടക്കുമ്പോള്‍ അവര്‍ അവളുടെ സഹോദരനെ അവിടെ കൊണ്ടുവന്നു. പീഡനമേറ്റ് അവശനായിരുന്നു അവന്‍. കൈകള്‍ പിന്നിലേക്ക് കെട്ടിയിരുന്നു. നടക്കാന്‍ പോലുമാകുമായിരുന്നില്ല. നിങ്ങള്‍ ഒളിപ്പിച്ചുവച്ച ആയുധങ്ങള്‍ എവിടെയെന്നായിരുന്നു ചോദ്യം. പിന്നീട് ആരുടെയോ ഇടപെടല്‍ കാരണം അവളെ പോകാന്‍ അനുവദിച്ചു. ഈ സമയം അവളുടെ ആഭരണങ്ങളും ചെരിപ്പും പോലും ഇഖ്‌വാനികള്‍ കൊള്ളയടിച്ചു. സൈന്യം അവളുടെ വീട്ടുകാരെ താമസിക്കുന്ന സ്ഥലത്തുനിന്ന് ആട്ടിയോടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് അവര്‍ക്ക് മടങ്ങിയെത്താനായത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായ സഹോദരനെ വിവിധ ക്യാംപുകളില്‍ കൊണ്ടുപോയി ഒമ്പതു ദിവസം പീഡിപ്പിച്ച ശേഷമാണ് വിട്ടയച്ചത്. പ്രദേശത്തെ ഒരു വ്യവസായി അതിനായി ഇഖ്‌വാനികള്‍ക്കു പണം നല്‍കുകയായിരുന്നു. പിന്നീട് അവള്‍ക്ക് ഒരിക്കലും സാധാരണ ജീവിതം സാധ്യമായില്ല. പത്താനിലെയും ബ്രാസുല്ലയിലെയും ആശുപത്രികളില്‍ ചികിത്സ നേടി. തുടര്‍ച്ചയായ രക്തസ്രാവമായിരുന്നു ആദ്യകാലങ്ങളില്‍. സൈന്യത്തെ പേടിച്ച് പോലിസില്‍ പരാതിപ്പെടാന്‍ പോലും കുടുംബം ആദ്യം തയ്യാറായില്ല. സമാനമായിരുന്നു സഹോദരന്റെ അവസ്ഥയും. സിന്‍ഹ, സുബേദാര്‍ മോഹന്‍ സിങ്, ഗാര്‍ഡ് കമാന്‍ഡര്‍ ശരവണ്‍ സിങ് തുടങ്ങി തന്നെ ദ്രോഹിച്ച ഒമ്പത് ഉദ്യോഗസ്ഥരുടെയും പേരുകള്‍ അവര്‍ക്കറിയാം. പക്ഷേ, കേസൊന്നും ഉണ്ടായില്ല.

ഇനിയുമുണ്ട്. അനന്ത്‌നാഗിലെ പെണ്‍കുട്ടികള്‍. 1997 ജനുവരി 2ന് 8 മണിയോടെ രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ അറോറയും സംഘവും അവരുടെ വീട്ടില്‍ വന്നു. മൂന്നു സഹോദരിമാരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അവര്‍ അവരുടെ ബന്ധു കൂടിയായ ഹിസ്ബുല്‍ മുജാഹിദീന്റെ ഖുര്‍ഷിദ് അഹ്മദ് റെഷിയെ കാണാറുണ്ടെന്നായിരുന്നു കുറ്റം. മൂത്ത സഹോദരിയെ സൈനികരും രണ്ടാമത്തെ പെണ്‍കുട്ടിയെ മേജര്‍ അറോറയും അവിടെ വച്ച് ബലാത്സംഗം ചെയ്തു. തിരികെ പോകുമ്പോള്‍ വീടും അതിനോട് ചേര്‍ന്ന ചെമ്മരിയാട് ഫാമും കത്തിച്ച സംഘം ഇളയവളെ പിടിച്ചുകൊണ്ടുപോയി. അവളെ പിന്നീടാരും കണ്ടിട്ടിട്ടില്ല. അന്ന് രാത്രി മുഴുവന്‍ പരിസരത്തുള്ള ഒരു പബ്ലിക് ടോയ്‌ലറ്റിലാണ് രണ്ടു പെണ്‍കുട്ടികളും ഒളിച്ചിരുന്നത്.

ബലാത്സംഗവും അതിക്രമവും മാത്രമല്ല, സ്ത്രീകള്‍ അപ്രത്യക്ഷരാകുന്ന കശ്മീരിലെ അപൂര്‍വം കേസുകളിലൊന്നു കൂടിയായിരുന്നു ഇത്. സംഭവത്തില്‍ അനന്ത്‌നാഗ് പോലിസ് സ്‌റ്റേഷനില്‍ ജനുവരി 5ന് 1997 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അഫ്‌സ്പ ഉള്ളതിനാല്‍ സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ഇതുവരെ ലഭിച്ചില്ലെന്നുും 2012ല്‍ പോലിസ് കോടതിയെ അറിയിച്ചു. 5 രാഷ്ട്രീയ റൈഫിള്‍സിലെ (ജാട്ട് റജിമെന്റ്) മേജര്‍ അറോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് 2010 ഏപ്രില്‍ 21ന് പ്രതിരോധ മന്ത്രാലയം നല്‍കിയ കത്തും ഇതോടൊപ്പം ഹാജരാക്കിയിരുന്നു. സൈനികര്‍ക്കാര്‍ക്കും ഇതില്‍ പങ്കില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

വീണ്ടും പല തവണ പോലിസ് അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനെതിരേ ഇരകള്‍ ഹൈക്കോടതിയെ സമീപിച്ചു. 2009ല്‍ ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടി, പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന അപേക്ഷയില്‍ തീര്‍പ്പായില്ലെന്നാണ്. 2010 ഏപ്രില്‍ 21ന് പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചതായി വീണ്ടും പോലിസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും വിധിച്ചു.

അറോറയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും നടന്നില്ല.
ദോഡ ജില്ലയിലെ ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികള്‍. 1999 മാര്‍ച്ച് 15ന് മാന്‍ഗേട്ട സൈനിക ക്യാംപിന്റെ ചുമതലയുള്ള ചിരഞ്ജീത് ശര്‍മ അവരുടെ വീട്ടിലെത്തി. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അടുത്തുള്ള മധുലാലിന്റെ വീട്ടില്‍ എത്തണമെന്നും നിര്‍ദേശിച്ചു. സ്ത്രീകള്‍ മാത്രം വരണമെന്നായിരുന്നു നിര്‍ദേശം. പേടിക്കേണ്ടതില്ലെന്നും മധുലാലിന്റെ കുടുംബം അവിടെയുണ്ടെന്നും വരാതിരുന്നാല്‍ കുഴപ്പമാവുമെന്നും പറഞ്ഞു. ചെല്ലുമ്പോള്‍ മധുലാലിന്റെ കുടുംബം അവിടെയുണ്ടായിരുന്നില്ല. വീട് നിറയെ സൈനികരായിരുന്നു. ചിരഞ്ജീത് ശര്‍മയെ കൂടാതെ ഗോഹ സൈനിക ക്യാംപിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍, ഇന്റലിജന്‍സ് ഓഫിസര്‍ റാണ, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ മില്‍ഖാ സിങ് എന്നിവരുമുണ്ടായിരുന്നു അവിടെ. പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയ അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് അവരെ ഗോഹ ക്യാംപിലേക്ക് കൊണ്ടുപോയി തടവിലിട്ടു. നാലു ദിവസം മൂന്നു പെണ്‍കുട്ടികളെയും സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാലാം നാള്‍ രണ്ടു പെണ്‍കുട്ടികളെ വിട്ടയച്ചു. മറ്റു രണ്ടു പേരെ റാണ മെഡിക്കല്‍ ഓഫിസറുടെ അടുക്കല്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തില്ലെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി. പെണ്‍കുട്ടികള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസില്‍ നടപടിയൊന്നും ഉണ്ടായില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തോയെന്നു പോലും ആര്‍ക്കും അറിയില്ലായിരുന്നു.

1999 ഡിസംബര്‍ 24ന് ബാരാമുല്ലയിലെ യുവതിയുടെ വീട്ടിലേക്ക് 28 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ അമന്‍ യാദവിന്റെ നേതൃത്വത്തിലുള്ള സൈനികര്‍ എത്തി. ഭര്‍ത്താവ് ജോലി—ക്കായി ദൂരെ പോയതായിരുന്നു. വീട് പരിശോധിച്ച സംഘം 35,000 രൂപയുടെ സ്വര്‍ണം, 25,000 രൂപയുടെ ഇലക്ട്രോണിക് സാധനങ്ങള്‍, 13,500 രൂപ വിലവരുന്ന ഡ്രില്ലിങ് മെഷീന്‍, 8000 രൂപയുടെ പണിയായുധങ്ങള്‍, 5000 രൂപയുടെ വീട്ടുപകരണങ്ങള്‍, 15,000 രൂപ എന്നിവ കൊള്ളയടിച്ചു. യുവതിയെ ബലാത്സംഗം ചെയ്തു. കേസ് കൊടുത്താല്‍ കൊന്നുകളയുമെന്ന് യാദവ് ഭീഷണിപ്പെടുത്തി.

പേടിച്ചരണ്ട കുടുംബം വീടു വിട്ട് മറ്റൊരിടത്ത് അഭയം തേടി. 2000ലാണ് കേസ് കൊടുക്കുന്നത്. ജനുവരി 4ന് പാന്‍സാല പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് 2012 മെയ് 22ന് ക്ലോസ് ചെയ്തു. ഇതിനിടെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പോലിസ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി തേടി പല തവണ കത്ത് അയച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. 2000 മാര്‍ച്ചില്‍ കൊടുത്ത പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയ്ക്ക് 12 വര്‍ഷം കഴിഞ്ഞ് 2012 ജനുവരിയിലാണ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചതു തന്നെ. പോലിസ് കേസ് അവസാനിപ്പിക്കുന്നതോ, പ്രതികളെ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയും.

നാളെ: ശൂന്യത

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 8
Next Story

RELATED STORIES

Share it