ശുഹൈബ് വധക്കേസ്: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

മട്ടന്നൂര്‍: ശുഹൈബ് വധക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ സിഐ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ച് അക്രമാസക്തമായതോടെ പോലിസ് ലാത്തിവീശി. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് എന്നിവര്‍ക്കും ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വനിതാ പോലിസടക്കം അഞ്ച് പോലിസുകാര്‍ക്കും പരിക്കേറ്റു. ഇവരെ മട്ടന്നൂര്‍, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ പോലിസ് കൈയേറ്റം ചെയ്തു. ശുഹൈബ് വധക്കേസിന്റെ തുടരന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.
നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് സിഐ ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പാച്ചേനിയുടെ പ്രസംഗത്തിനിടെ പോലിസ് സമരക്കാരെ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലിസും യൂത്ത് കോണ്‍ഗ്രസ്സുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനെതിരേ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ ഒന്നരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. ഇതിനിടെയാണ് ഡിസിസി പ്രസിഡന്റിനെ പോലിസ് കൈയേറ്റം ചെയ്തത്. പ്രകോപിതരായ പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ്, ടി എം ഹാരിസ്, സുദീപ് ജെയിംസ്, മുഹമ്മദ് ഷമ്മാസ്, വി രാഹുല്‍, അന്‍സല്‍ വാഴപ്പള്ളില്‍, നൗഫല്‍ വാരം, ലിബേഷ് പുല്‍പക്കരി, ഫൈസല്‍ കൊട്ടാരത്തില്‍ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
Next Story

RELATED STORIES

Share it