ശുഹൈബ് വധക്കേസ് പ്രതിക്ക് ജയിലില്‍ സുഖവാസം: അന്വേഷണത്തിന് ഉത്തരവ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ് പി ശുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്.
ഉത്തരമേഖലാ ജയില്‍ ഡിഐജിയോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പരാതിയില്‍ ഉടന്‍ റിപോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം.
ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലേങ്കരി ഉള്‍പ്പെടെയുള്ളവര്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ സുഖവാസമാണെന്നു കാണിച്ചാണു പരാതി നല്‍കിയത്.
ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി ദീര്‍ഘനേരം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 11 പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്നത്. പരാതിയില്‍ മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി നേരത്തേ ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it