Editorial

ശുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. ഈ കൊലപാതകത്തിന് ഉത്തരവാദികളാണെന്നു കരുതുന്ന സിപിഎമ്മിനെയും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണകൂടത്തെയും രാഷ്ട്രീയമായും ധാര്‍മികമായും പ്രതിസന്ധിയിലാക്കുന്ന ഒട്ടേറെ മാനങ്ങളുള്ളതാണ് കേരള ഹൈക്കോടതിയുടെ ഈ വിധി.
ശുഹൈബിന്റെ പിതാവും മാതാവും ചേര്‍ന്നു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ശുഹൈബിനെ അക്രമിസംഘം കശാപ്പു ചെയ്യുകയായിരുന്നുവെന്നു പറഞ്ഞ കോടതി, ഈ കൊലപാതകം യുഎപിഎയുടെ പരിധിയില്‍ വരുന്ന ഭീകര കൃത്യമാണെന്നും സൂചിപ്പിച്ചു. ഭരണകക്ഷിയുടെ സമ്മര്‍ദം ഉള്ളതിനാല്‍ പോലിസ് മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ഹരജിക്കാരുടെ വാദം കോടതി തത്ത്വത്തില്‍ അംഗീകരിക്കുകയാണ് ചെയ്തത്. കേസില്‍ പോലിസ് സ്വീകരിച്ച നടപടികള്‍ സംശയാസ്പദമാണെന്നു നിരീക്ഷിച്ച കോടതി, കൊലയ്ക്കു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കുന്നു.
ശുഹൈബ് വധക്കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സര്‍ക്കാരിന്റെ നിലപാടിനുള്ള തിരിച്ചടിയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും, സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണവുമൊക്കെ ഒരു നിവൃത്തികേടിന്റെ സ്വാഭാവിക ശബ്ദമായേ ആര്‍ക്കും തോന്നൂ. അങ്ങനെയെങ്കില്‍ ഇക്കാര്യത്തിലുള്ള ഭരണകൂടത്തിന്റെ നിഷ്‌കളങ്കത തെളിയിക്കാന്‍ സ്വയം സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയോ ചുരുങ്ങിയത് സിബിഐ അന്വേഷണ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാതിരിക്കുകയോ ചെയ്യണമായിരുന്നു. കാരണം, ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കു പങ്കുള്ളൊരു കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടാമെന്ന ഇരയുടെ കുടുംബത്തിന്റെ ആശങ്ക സ്വാഭാവികവും ന്യായവുമാണ്.
സിപിഎമ്മിന്റെ കാര്യത്തില്‍ മുന്‍ അനുഭവങ്ങള്‍ ഈ ആശങ്കകളെ ശരിവയ്ക്കുന്നുമുണ്ട്. തലശ്ശേരിയില്‍ ഫസല്‍ വധക്കേസ് അന്വേഷണത്തില്‍ ഭരണതലത്തില്‍ നിന്നു നഗ്നമായ ഇടപെടലുകള്‍ ഉണ്ടായ ഘട്ടത്തിലാണ് ഫസലിന്റെ വിധവ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആ അന്വേഷണം സൃഷ്ടിച്ച പങ്കപ്പാടുകളില്‍ നിന്നു പാര്‍ട്ടി ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടയിലാണ് തൊട്ടടുത്ത പ്രദേശത്തുതന്നെ മറ്റൊരു കേസിന്റെ കുരുക്കുകള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
സിപിഎം അകപ്പെട്ട ഈ പ്രതിസന്ധിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമല്ലാതെ കേരളീയ സമൂഹത്തില്‍ ഒരാള്‍ക്കു പോലും സിപിഎമ്മിനോട് സഹതാപം തോന്നാനിടയില്ല. ഈ വസ്തുത തിരിച്ചറിയാനുള്ള വിവേകവും വിനയവും പാര്‍ട്ടി കൈവരിക്കുന്നതിന് അനുസരിച്ചാവും ഒരുവേള കേരളത്തില്‍ സിപിഎമ്മിന്റെ ഭാവി പോലും നിര്‍ണയിക്കപ്പെടുന്നത്.
ജനാധിപത്യം അധികാരലബ്ധിയുടെ വഴി മാത്രമല്ല, അതൊരു സംസ്‌കാരം കൂടിയാണ്. വിരുദ്ധ അഭിപ്രായത്തോട് സഹിഷ്ണുതാപൂര്‍വം സഹവര്‍ത്തിക്കാനുള്ള മാനവിക ബോധമാണ് അതിന്റെ അടിസ്ഥാനം. അതിനു പകരം, വിയോജിപ്പുകള്‍ക്കെതിരായ ആക്രമണോത്സുകതയുടെ കൈവശാവകാശം തങ്ങള്‍ക്കു ഭരണഘടനാപരമായി ലഭിച്ചതാണെന്ന മട്ടില്‍ ജനാധിപത്യ സമൂഹത്തില്‍ പെരുമാറുന്നത് അശ്ലീലതയാണ്. ചെങ്കൊടി കൊണ്ട് മറച്ചുപിടിക്കാനാവുന്നതല്ല ഈ അശ്ലീലത.
Next Story

RELATED STORIES

Share it