Flash News

ശുഹൈബ് വധം: സിബിഐ അന്വേഷണത്തിനു സ്‌റ്റേ

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഈ മാസം 7ലെ സിംഗിള്‍ ബെഞ്ച് വിധി ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കേസ് 23നു വീണ്ടും പരിഗണിക്കും. കേസ് ഫയലുകള്‍ ഇതുവരെ പോലിസ് സിബിഐക്ക് കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്.
സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിനു കഴിയില്ലെന്ന് ശുഹൈബിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കൊലപാതകം നടന്ന മട്ടന്നൂര്‍, പഴയ മദ്രാസ് പ്രവിശ്യയിലെ മലബാര്‍ ജില്ലയില്‍പ്പെടുന്ന ഭാഗമാണ്. 1956ലെ സംസ്ഥാന പുനസ്സംഘടനാ നിയമവും മറ്റും പരിശോധിക്കുമ്പോള്‍ ഈ പ്രദേശം സംബന്ധിച്ച ചില അപ്പീലുകള്‍ പരിഗണിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു വാദം. അപ്പീല്‍ പരിഗണിക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കാരണമായ ഹരജി സിംഗിള്‍ ബെഞ്ച് എങ്ങനെ പരിഗണിച്ചുവെന്നു ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്. സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ശേഷം പോലിസ് തെളിവ് നശിപ്പിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്ന് അപ്പീല്‍ കേള്‍ക്കാന്‍ അധികാരമില്ലെന്ന വാദത്തില്‍ വിശദീകരണം നല്‍കുന്നുണ്ടോയെന്നു കോടതി സര്‍ക്കാരിനോട് ചോദിച്ചു. സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത് അപ്പീല്‍ പരിഗണിക്കുന്നത് കോടതി 23ലേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it