kannur local

ശുഹൈബ് വധം: സിപിഎമ്മും പോലിസും പ്രതിക്കൂട്ടില്‍

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് തെരൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മും പോലിസും പ്രതിക്കൂട്ടില്‍. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം പറയുമ്പോഴും യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും പ്രദേശത്ത് സാന്ത്വന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ശുഹൈബിനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി പ്രകടനത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്. കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷവും സിഐടിയു പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ചും പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ അതൊരു കൊലപാതകത്തിലേക്ക് എത്തുമെന്നറിഞ്ഞ് കാര്യമായ സുരക്ഷാസംവിധാനം ഒരുക്കാന്‍ പോലിസിനു സാധിച്ചില്ല. ശുഹൈബിന്റെ പേരെടുത്ത് കൊലവിളി നടത്തുന്നതും നിരവധി തവണ ആക്രമണം ലക്ഷ്യമിട്ട് തന്റെ പിന്നാലെ സിപിഎമ്മുകാര്‍ എത്തിയിട്ടുണ്ടെന്നു ശുഹൈബ് തന്നെ പറയുന്ന ഓഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജില്ലയില്‍ ഇതര രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം ആക്രമിക്കുന്നത് പതിവാണെങ്കിലും രണ്ടു പതിറ്റാണ്ടിലേറെയായി ആദ്യമായാണ് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. 2011ല്‍ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റി ഖജാഞ്ചിയായിരുന്ന ചാലാട് സ്വദേശി സജീര്‍ ദുരൂഹസാഹചര്യത്തില്‍ ബൈക്ക് മറിഞ്ഞ് മരണപ്പെട്ടതിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നെങ്കിലും അപകടമരണമാണെന്നു പോലിസ് കണ്ടെത്തുകയുണ്ടായി. ജില്ലയില്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ടെങ്കിലും, നിസാര സംഘര്‍ഷങ്ങളുടെ മറവില്‍ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന എസ്‌വൈഎസിന്റെ സജീവപ്രവര്‍ത്തകനായ ശുഹൈബ് ഒരുവര്‍ഷം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തി സ്ഥിരതാമസമാക്കിയത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് ശുഹൈബാണെന്നത് തിരിച്ചറിഞ്ഞാണ് സിപിഎം കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു സൂചന.
Next Story

RELATED STORIES

Share it