Flash News

ശുഹൈബ് വധം: രണ്ടുപേര്‍ പോലിസില്‍ കീഴടങ്ങി

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ പോലിസില്‍ കീഴടങ്ങി. സിപിഎം പ്രവര്‍ത്തകരും തില്ലങ്കേരി സ്വദേശികളുമായ എം വി ആകാശ്, റിജിന്‍രാജ് എന്നിവരാണ് പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇന്നലെ രാവിലെ മാലൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്. കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫിസിലെത്തിച്ച ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതാണെന്നാണ് പോലിസ് ഭാഷ്യം. നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് ആകാശും റിജിനും.
സിപിഎമ്മിന്റെ സൈബര്‍ പോരാളികളാണ് ആകാശും റിജിന്‍രാജും. ആകാശ് റെഡ്‌വോളന്റിയറാണ്. സിപിഎം പെരിഞ്ഞനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് റിജിന്‍രാജ്.   ആകാശിന് പാര്‍ട്ടി ഔദ്യോഗിക അംഗത്വമില്ല. എന്നാല്‍, തില്ലങ്കേരിയിലെ ഒരു ലോക്കല്‍ സെക്രട്ടറിയുടെ മകനാണ് ഇയാള്‍. ആകാശ് തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഇരുവര്‍ക്കും വധവുമായി നേരിട്ടു ബന്ധമില്ലെന്നാണ് സൂചന.
എന്നാല്‍, ശുഹൈബിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതും കൃത്യത്തിനുശേഷം വാഹനം മാറ്റി രക്ഷപ്പെടാന്‍ ഒത്താശ ചെയ്തതും ഇവരാണെന്നാണു വിവരം. ആകാശിന്റെയും റിജിന്‍ രാജിന്റെയും ചിത്രങ്ങള്‍ മട്ടന്നൂരിനടുത്ത വായാന്തോട്ടെ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയശേഷം കാര്‍ മാറിക്കയറുന്നതാണ് ദൃശ്യങ്ങള്‍. ഇരിട്ടി, മുഴക്കുന്ന് മേഖലകളില്‍ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വൈകീട്ട് നടത്തിയ റെയ്ഡില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് ഇവര്‍ കീഴടങ്ങിയത്.
കസ്റ്റഡിയിലായ ഇരുവരുടെയും സൃഹൃത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് വിളിച്ചുവരുത്തിയതാണെന്നും പറയുന്നു. യഥാര്‍ഥ പ്രതികളെ തന്നെയാണ് പിടികൂടുന്നതെന്ന് ഉറപ്പിക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചതിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന നിലപാടിലാണ് അന്വേഷണസംഘം.
Next Story

RELATED STORIES

Share it