ശുഹൈബ് വധം: രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ പോലിസ് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കി. പ്രതികളുടെയും സാക്ഷികളുടെയും രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. ശുഹൈബിനൊപ്പം ആക്രമിക്കപ്പെട്ട റിയാസ്, നൗഷാദ്, ഇസ്മായില്‍ എന്നിവരുടെയും റിമാന്‍ഡിലായ പ്രതികളുടെയും രക്തവും മുടിയും നഖവുമാണ് പരിശോധനയ്ക്കായി കൈമാറിയത്. അറസ്റ്റിലായത് യഥാര്‍ഥ പ്രതികളാണെന്ന് ഉറപ്പിക്കാനും കൊലപാതകത്തി ല്‍ നേരിട്ട് പങ്കെടുത്തവരെ ശാസ്ത്രീയമായി തെളിയിക്കാനുമാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.
കൊലപാതകം നടന്ന തട്ടുകടയില്‍നിന്ന് ലഭിച്ച രക്തസാംപിളുകളും ശരീരഭാഗങ്ങളുമായി ഇത് ഒത്തു നോക്കും. കൊലയാളി സംഘത്തില്‍പ്പെട്ട ദീപ്ചന്ദിന് കൃത്യത്തില്‍ പരിക്കേറ്റിരുന്നു. ഇതിനകം 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.
ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് 14ന് സ്‌റ്റേ ചെയ്തിരുന്നു. അതിനിടെ, കൂടുതല്‍ ചോദ്യംചെയ്യാന്‍ പോലിസ് കസ്റ്റഡിയില്‍ വിട്ട രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളി തെരൂര്‍ പാലയോട്ടെ കെ ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ സി എസ് ദീപ്ചന്ദ് (25) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
Next Story

RELATED STORIES

Share it