ശുഹൈബ് വധം: പോലിസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല, സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്‌

ന്യൂഡല്‍ഹി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും നോട്ടീസയച്ചു.
കേസില്‍ സംസ്ഥാന പോലിസ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേരള പോലിസിന് അന്വേഷണം തുടരാമെന്നും അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാമെന്നും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 16ലേക്ക് മാറ്റി. കൊല്ലപ്പെട്ടുകിടക്കുന്ന ശുഹൈബിന്റെ പടങ്ങള്‍ ചോദിച്ചുവാങ്ങിയ ജസ്റ്റിസ് ബോബ്‌ഡെ, രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവരെല്ലാം വിഡ്ഢികളാണോ എന്നു ചോദിച്ചു.
കേസന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരേയാണ് മാതാപിതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ കേരള പോലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ശുഹൈബിന്റെ മാതാപിതാക്കള്‍ കോടതിയില്‍ വാദിച്ചത്.
തെളിവ് നശിപ്പിക്കപ്പെടുന്നതിനു മുമ്പ് കേസ് അടിയന്തരമായി സിബിഐക്ക് നല്‍കണം. പ്രതികള്‍ക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശവും സുപ്രിംകോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it