Flash News

ശുഹൈബ് വധം: കൊലയാളികള്‍ക്ക് പണം നല്‍കിയത് ലോക്കല്‍ സെക്രട്ടറി

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തിനു പണം നല്‍കിയത് സിപിഎം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രശാന്തെന്ന് കുറ്റപത്രം. എന്നാല്‍, ഗൂഢാലോചന നടത്തിയ പ്രശാന്തിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടില്‍ നിന്ന് ലഭിച്ച രക്തക്കറയും കേസില്‍ നിര്‍ണായകമായി. അതേസമയം കുറ്റപത്രത്തില്‍ സിപിഎം ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നുമില്ല.
കേസില്‍ 11 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നേരിട്ടുള്ള പങ്ക് എടുത്തുപറഞ്ഞിരിക്കുന്നത്. ശുഹൈബ് കൊല്ലപ്പെടുന്നതിനു മുമ്പ് എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രശാന്ത് പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതികള്‍ക്ക് സഞ്ചരിക്കാനുള്ള കാര്‍ വാടകയ്‌ക്കെടുക്കാന്‍ 5000 രൂപ നല്‍കിയത് പ്രശാന്താണ്. അറസ്റ്റിലായ അസ്‌കറിനും അഖിലിനുമാണ് പണം കൈമാറിയത്.
എന്നാല്‍, ഗൂഢാലോചന വ്യക്തമായിട്ടും പ്രശാന്തിനെ കസ്റ്റഡിയിലെടുക്കാന്‍ മട്ടന്നൂര്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി 13ന് സിപിഎം പാലയോട് ബ്രാഞ്ച് കമ്മിറ്റി ശുഹൈബിനെതിരേ വധഭീഷണി മുഴക്കി പ്രകടനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബൈജു, നിജില്‍, അവിനാഷ്, അസ്‌കര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്.
പ്രശാന്തിനു പുറമേ അഞ്ചു പേരെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അതേസമയം, ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ എഴുതിയ പോലിസ് പ്രതിയെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു. നിയമ സംവിധാനത്തെ അപഹാസ്യമാക്കി കാട്ടുനീതി നടപ്പാക്കാനാണ് പോലിസ് ശ്രമിക്കുന്നത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ റാന്‍മൂളികളായി പോലിസ് സംവിധാനം അപചയപ്പെടുമ്പോള്‍ നീതിന്യായ വ്യവസ്ഥയാണ് തകരുന്നതെന്ന ബോധ്യം ഉന്നത പോലിസ് ഓഫിസര്‍മാര്‍ക്കെങ്കിലും ഉണ്ടാവണം. കൊടിയുടെ നിറം നോക്കി പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും രക്ഷിക്കാനും പരിശ്രമിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it