ശുഹൈബ് വധം; കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബ് വധക്കേസിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിന്റെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗസംഘത്തിലെ അഞ്ചുപേരെ വിവിധ സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി ഉത്തരവായി.
കേസില്‍ കാര്യമായി സഹകരിച്ചില്ലെന്ന് സ്‌ക്വാഡിനെതിരേ ആരോപണം ശക്തമായിരുന്നു. മാത്രമല്ല, ആദ്യഘട്ടത്തില്‍ സിപിഎം കേന്ദ്രങ്ങളിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്കു ചോര്‍ത്തിനല്‍കിയെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതു പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമായതോടെ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്്‌റ, ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍, കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. വിവരങ്ങള്‍ ചോര്‍ന്നെന്ന് എസ്പി പരാതി നല്‍കിയെന്ന് ബെഹ്‌റ സ്ഥിരീകരിച്ചെങ്കിലും പൊടുന്നനെ എസ്പി മലക്കംമറിയുകയായിരുന്നു. രേഖാമൂലം പരാതി നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകളെങ്കിലും ഉത്തരമേഖലാ ഡിജിപി കണ്ണൂരിലെത്തിയപ്പോള്‍ ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു. ശുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ റെയ്ഡ് ഉള്‍പ്പെടെ നിര്‍ണായക നീക്കം പോലിസ് നടത്തിയപ്പോഴാണ് അന്വേഷണസംഘത്തില്‍ നിന്നു തന്നെ പ്രതികള്‍ക്ക് സഹായം ലഭിച്ചത്. ഇതില്‍ പ്രകോപിതനായ എസ്പി അവധിയില്‍ പോയെങ്കിലും ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് പെട്ടെന്നു തന്നെ തിരിച്ചെത്തുകയായിരുന്നു.
കേസില്‍ 11 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെങ്കിലും ശുഹൈബിന്റെ മാതാപിതാക്കളുടെ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐക്കു വിട്ട് ഉത്തരവിറക്കി. കേരള പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി തുടരന്വേഷണത്തില്‍ നിന്ന് പോലിസിനെ വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ട് ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it