malappuram local

ശുഹൈബ് വധംഅന്വേഷണത്തിന് 12 അംഗ സംഘം

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ശുഹൈബി(30)നെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. മട്ടന്നൂര്‍ എസ്‌ഐ എ വി ജോണിന്റെ നേതൃത്വത്തില്‍ 12 അംഗ സ്‌ക്വാഡാണ് കേസന്വേഷിക്കുന്നത്.
മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷനിലെ നാലു സിവില്‍ പോലിസ് ഓഫിസര്‍മാരും ജില്ലാ പോലിസ് മേധാവിയുടെയും ഡിവൈഎസ്പിയുടെയും സ്‌ക്വാഡുകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചത്. ഇതിനു പുറമെ, സൈബര്‍ സെല്ലിന്റെ സഹായവും തേടുന്നുണ്ട്. കൊലയാളികളെയും ിവര്‍ സഞ്ചരിച്ച വാഹനവും പോലിസ് തിരിച്ചറിഞ്ഞതായാണു സൂചന. 30ലേറെ പേരെ ചോദ്യം ചെയ്തതില്‍ നിന്നു മൂന്നുപേരെ ഇപ്പോഴും കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചാലോട് സ്വദേശിയായ സിഐടിയു പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരാണ് പോലിസ് കസ്റ്റഡിയിലുള്ളതെന്നാണു പോലിസ് നല്‍കുന്ന സൂചന.
ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം യഥാര്‍ഥ പ്രതികളാണോയെന്ന് ഉറപ്പിച്ചിട്ടേ അറസ്റ്റ് ചെയ്യൂവെന്നാണു വിവരം. പാര്‍ട്ടികള്‍ നല്‍കുന്ന പ്രതിപ്പട്ടിക നോക്കി അറസ്റ്റ് ചെയ്ത് മുഖംമിനുക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധം ശക്തമാക്കാനിടയുണ്ടെന്നതിനാല്‍ യഥാര്‍ഥ പ്രതികളെ തന്നെ എത്രയും വേഗം പിടികൂടാനാണു ആഭ്യന്തര വകുപ്പ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഇടയ്ക്കിടെയുണ്ടാവുന്ന കൊലപാതകങ്ങള്‍ സിപിഎമ്മിനെ മാത്രമല്ല, പിണറായി സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കുന്നുണ്ട്.
പ്രതികളെ ഉടനടി കണ്ടെത്തിയാല്‍ ആഭ്യന്തര വകുപ്പിന് അല്‍പമെങ്കിലും ആശ്വസിക്കാമെന്ന് കണക്കുകൂട്ടലിലാണ് സര്‍ക്കാരും. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കഴിഞ്ഞ ദിവസം തന്നെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരുടെ പേരുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു വഴിതെളിയിച്ചതെന്നും പോലിസ് വ്യക്തമാക്കുന്നുണ്ട്.
വാഹനത്തിലെത്തിയ നാലുപേരുടെയും കൈയില്‍ വാളുകള്‍ ഉണ്ടായിരുന്നതായാണു ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. കൃത്യം ചെയ്ത ശേഷം എവിടേക്കാണ് പോയതെന്നും വാഹനത്തെ കുറിച്ചും സിസിടിവി കാമറകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് കണ്ടെത്താനാണു ശ്രമം.





Next Story

RELATED STORIES

Share it