ശുഹൈബിനു നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നു പിതാവ്

മട്ടന്നൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനു സിപിഎം പ്രവര്‍ത്തകരില്‍ നിന്നു നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നല്‍കിയിട്ടും പോലിസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ പിതാവ് മുഹമ്മദ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ശുഹൈബിനോട് സിപിഎമ്മിനു രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ കെഎസ്‌യുവിനു വേണ്ടി ഇടപെട്ടതാണു ശത്രുതയ്ക്ക് കാരണം. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞു കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍ വച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നു. സംഭവം നടന്ന് ഇതുവരെയായിട്ടും പോലിസ് അന്വേഷണത്തിനു വരികയോ, മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. പോലിസ് നടപടിയില്‍ തൃപ്തനല്ല. തന്നെ ചിലര്‍ പിന്തുടരുന്നുവെന്നു സുഹൃത്തിനോടു പറയുന്ന ശബ്ദസന്ദേശം ശുഹൈബിന്റേതു തന്നെയാണെന്നും പിതാവ് മുഹമ്മദ് പറഞ്ഞു. കെഎസ്‌യു-എസ്എഫ്‌ഐ സംഘട്ടനത്തിനു ശേഷം സിഐടിയു പ്രവര്‍ത്തകനെ ആക്രമിച്ചെന്നാരോപിച്ചു നടത്തിയ പ്രകടനത്തിലും ശുഹൈബിനെ പേരെടുത്ത് വിളിച്ച് വധഭീഷണി മുഴക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ലെന്നു കണ്ണൂര്‍ ജില്ലാ നേതൃത്വം പറയുമ്പോഴും ശുഹൈബ് നിരവധി കേസുകളിലെ പ്രതിയാണെന്നും ശുദ്ധാത്മാവല്ലെന്നും വിവരിച്ചു സിപിഎം പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ്.
അതേസമയം ശുഹൈബിന്റെ കൊലപാതകത്തില്‍ കോ ണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഏകദിന ഉപവാസം നടത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നേതാക്കളായ വി ഡി സതീശന്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍ എംപി എന്നിവര്‍ ഉപവാസ പന്തലിലെത്തി. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നെത്തും.




Next Story

RELATED STORIES

Share it