Second edit

ശുനകചരിത്രം

നായയുടെ ചരിത്രം ഒരു വളര്‍ത്തുമൃഗത്തിന്റെ മാത്രം കാര്യമല്ല. ഗവേഷകര്‍ പറയുന്നത് മാനവസംസ്‌കാരത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ആദ്യ സംഭവങ്ങളിലൊന്ന് ആദിമ മനുഷ്യനും ശുനകനുമായുണ്ടായ അഭേദ്യബന്ധമാണെന്നാണ്. ആ ആദിമസഖ്യത്തിനു ശേഷമാണ് പൂച്ച മനുഷ്യന്റെ അനുചരവൃന്ദത്തില്‍ എത്തുന്നത്. നായയും മനുഷ്യനും ഒന്നുചേര്‍ന്നാണ് നായാട്ട് നടത്തിയതും കുടുംബമായി വസിക്കാന്‍ തുടങ്ങിയതും കൃഷിയും കന്നുകാലിവളര്‍ത്തലുമൊക്കെ ആരംഭിച്ചതും. അങ്ങനെയാണ് കാട്ടില്‍ നായാടി നടന്ന മനുഷ്യന്‍ സംസ്‌കാരസമ്പന്നനാവുന്നത്. കൃഷിയും വ്യവസായവും സ്വന്തമാക്കുന്നത്. ആധുനിക സംസ്‌കാരവും ആഗോളബന്ധങ്ങളും ഉണ്ടാക്കിയെടുക്കുന്നത്.
എന്നാല്‍, എപ്പോള്‍ എവിടെയാണ് ഈ മഹാസൗഹൃദം ആരംഭിക്കുന്നത് എന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. സംസ്‌കാരത്തിന്റെ ആദിരൂപമായ കൃഷി തുടങ്ങുന്നത് 10,000 വര്‍ഷത്തിനപ്പുറമായതിനാല്‍ ശുനകബന്ധത്തിന് ഏറിയാല്‍ 15,000 വര്‍ഷത്തെ ചരിത്രം കാണും എന്നായിരുന്നു നിഗമനം. എന്നാല്‍, ഈയിടെ ബെല്‍ജിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അന്നാട്ടിലെ ഗവേത് എന്ന സ്ഥലത്തെ ഗുഹയില്‍നിന്ന് ഒരു തലയോട്ടി കണ്ടെത്തി. 32,000 വര്‍ഷം പഴക്കമുള്ള ഈ തലയോട്ടിയുടെ ഉടമയാണ് ആദ്യത്തെ ശുനകനെന്നാണ് അവര്‍ വാദിക്കുന്നത്. കാരണം, ചെന്നായയുടെ തലയോട്ടിയില്‍നിന്നു തുലോം വ്യത്യസ്തമാണ് ഇത്. അണപ്പല്ലുകളുടെയും മറ്റും ഘടനയിലും വ്യത്യാസമുണ്ട്.
അപ്പോള്‍ ചോദ്യം ഈ ശുനകബന്ധം ഇന്നുവരെ കരുതിയതിലും ആഴത്തില്‍ പോവുന്നതാണോ എന്നാണ്. പ്രശ്‌നം ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സമിതിയുടെ പഠനവിഷയമാണ്.
Next Story

RELATED STORIES

Share it