ശുദ്ധീകരണം: 1.2 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വോട്ടര്‍പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയായ ഏപ്രില്‍ 29 വരെ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കും. എങ്കിലും ഏപ്രില്‍ 19 വരെ അപേക്ഷിക്കുന്നവര്‍ക്കു മാത്രമെ ഈ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കഴിയൂ. അപേക്ഷ നല്‍കി ഹിയറിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 10 ദിവസം വേണ്ടിവരുമെന്നതുകൊണ്ടാണിത്. അതേസമയം, വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി 1,20,415 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി അറിയിച്ചു. മരിച്ചവരും വ്യാജന്‍മാരുമാണിത്.
വ്യാജന്‍മാരും ഇരട്ടിപ്പു വന്നവരുമായി 38,399 പേരെയും മരിച്ച 82,016 പേരെയുമാണ് ഒഴിവാക്കിയത്. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെയൊരു കാംപയിന്‍ നടത്തിയത്. ഈ പ്രക്രിയ തുടരുകയാണ്. പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഇനിയും അവസരമുള്ളതിനാല്‍ ഏപ്രില്‍ 29നു ശേഷം മാത്രമെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ. വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കാനും ബൂത്ത് ഏതെന്ന് അറിയാനും തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. (ംംം.രലീ.സലൃമഹമ.ഴീ്.ശി). എസ്എംഎസ് വഴി വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കാം. ഋഘഋ എന്ന് ടൈപ്പ് ചെയ്തശേഷം സ്‌പേസ് വിട്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി 54242 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും ഏര്‍പ്പെടുത്തിയ ടച്ച് സ്‌ക്രീന്‍ സംവിധാനം വഴിയും പേരുണ്ടോയെന്നു പരിശോധിക്കാം.
Next Story

RELATED STORIES

Share it