wayanad local

ശുദ്ധജല പദ്ധതിക്ക് മണ്ണ് നീക്കി; ആദിവാസി വീടുകള്‍ ഭീഷണിയില്‍

മാനന്തവാടി: ശുദ്ധജല വിതരണ പദ്ധതിയുടെ ടാങ്ക് നിര്‍മിക്കാന്‍ മുന്‍കരുതലുകളില്ലാതെ മണ്ണ് നീക്കം ചെയ്തത് ആദിവാസി വീടുകള്‍ക്ക് ഭീഷണിയായി. തരിയോട് കമ്പനിക്കുന്നില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെയാണ് താഴെ താമസിക്കുന്ന അഞ്ചോളം ആദിവാസി വീടുകള്‍ മണ്ണും കല്ലും താഴേക്ക് വീഴുന്ന നിലയില്‍ അപകടാവസ്ഥയിലായിരിക്കുന്നത്.
തരിയോട് പഞ്ചായത്ത് ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനായി 2000ത്തില്‍ വിലയ്ക്കു വാങ്ങിയ പത്തേക്കര്‍ ഭൂമിയില്‍ നിന്ന് ഒരേക്കറാണ് അഞ്ചു പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയത്. എന്നാല്‍, നേരത്തെ ഇവിടെ താമസം തുടങ്ങിയ ആദിവാസി വീടുകളുടെ സുരക്ഷ ഉറപ്പുവരുത്താതെ വാട്ടര്‍ അതോറിറ്റിക്ക് ടാങ്ക് നിര്‍മാണത്തിന് കരാര്‍ നല്‍കി പണി ആരംഭിച്ചു. ഇതാണ് ആദിവാസികള്‍ക്കു വിനയായത്. തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനായി 78 കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച 15 കോടി രൂപയില്‍ കമ്പനിക്കുന്നില്‍ വാട്ടര്‍ടാങ്ക്, ക്വാട്ടേഴ്‌സുകള്‍, ഓഫിസ് കെട്ടിടം, പ്യൂരിഫിക്കേഷന്‍ ടാങ്കുകള്‍ എന്നിവയും ബാണാസുര ഡാം റിസര്‍വോയറില്‍ കിണറുകളുമാണ് നിര്‍മിക്കുന്നത്.
ഇവ രണ്ടിന്റെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും കമ്പനിക്കുന്നില്‍ ടാങ്ക് നിര്‍മാണത്തിനായി ഒരുമാസം മുമ്പുതന്നെ വഴിയൊരുക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി രേഖാപരമായി വാട്ടര്‍ അതോറിറ്റിക്ക് വിട്ടുനല്‍കുന്നതിന് മുമ്പായി ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ കാരണമാണ് പ്രവൃത്തികള്‍ ആരംഭിച്ചതെന്നും ആരോപണമുണ്ട്.
കമ്പനിക്കുന്നിലെ കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവയുടെ അഭാവത്തിലാണ് സൗജന്യമായി നല്‍കിയിട്ടുപോലും ആളുകള്‍ താമസിക്കാന്‍ തയ്യാറാവാതിരുന്നത്. പദ്ധതിക്കുവേണ്ടി ഒരേക്കര്‍ ഭൂമി നല്‍കിയാല്‍ ഈ മൂന്നു വിഷയങ്ങളും പരിഹരിക്കപ്പെടുമെന്നും അഞ്ചു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പഞ്ചായത്ത് കരുതുന്നത്. എന്നാല്‍, നേരത്തെ താമസിക്കുന്ന ആദിവാസി വീടുകള്‍ക്കു മുകളില്‍ ടാങ്ക് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുമ്പോള്‍ കല്ലും മണ്ണും പതിക്കുന്നതു തടയാന്‍ സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. ആദിവാസികള്‍ ട്രൈബല്‍ വകുപ്പിന് പരാതി നല്‍കിയതോടെ താല്‍ക്കാലികമായി ജോലികള്‍ നിര്‍ത്തിവച്ച് കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാതെ തന്നെ സുരക്ഷിതമാക്കാനാണ് നീക്കം.
Next Story

RELATED STORIES

Share it