Kollam Local

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം: ഫിഷറീസ് മന്ത്രി

കൊല്ലം: മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.എല്ലാ പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് വാര്‍ഡ്തല യോഗങ്ങള്‍ ജൂണ്‍ അഞ്ചിനകം ചേരണം. ജനപ്രതിനിധികള്‍ക്ക് പുറമേ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.മഴക്കാലത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സമയബന്ധിതമായി ആശ്വാസമെത്തിക്കാന്‍ റവന്യൂ വകുപ്പ് സജ്ജമായിരിക്കണം.
മഴക്കാലത്ത് നാശനഷ്ടങ്ങളോ മറ്റപകടങ്ങളോ ഉണ്ടായാല്‍ 24 മണിക്കൂറിനകം വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി പരിശോധിച്ച് റിപോര്‍ട്ട് നല്‍കുകയും അടിയന്തര സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഗൗരവമേറിയ അപകടങ്ങളില്‍ 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ച്ചയക്കുള്ളില്‍ സഹായധനവും ആശ്വാസങ്ങളും എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. പ്ലാസ്റ്റിക് മാലിന്യം വീടുകളില്‍ നിന്നും സംഭരിക്കാനുള്ള യജ്ഞം പഞ്ചായത്ത് ഭരണസമിതി ജനകീയ പങ്കാളിത്തത്തോടെ വാര്‍ഡ്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണമെന്നും ഫിഷറീസ് മന്ത്രി നിര്‍ദേശിച്ചു.കാലവര്‍ഷക്കെടുതി നേരിടാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വനം മന്ത്രി കെ രാജു ആവശ്യപ്പെട്ടു.ഇപ്പോള്‍ നടത്തുന്ന ശുചീകരണ യജ്ഞത്തിന് എംഎല്‍എ മാരുടെ നേതൃത്വത്തില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കര്‍മപദ്ധതി തയ്യാറാക്കി നടപ്പാക്കുകയും അവലോകനം നടത്തുകയും വേണമെന്ന് വനം മന്ത്രി നിര്‍ദേശിച്ചു.പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് സജ്ജമായിരിക്കണം. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും മരുന്നുകളും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി ഡിഎംഒ ക്ക് നിര്‍ദേശം നല്‍കി. ഓടകള്‍ വൃത്തിയാക്കി മലിനജലം കെട്ടിക്കിടക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പ് റോഡ്, ദേശീയപാത വിഭാഗങ്ങളും മുന്‍ഗണന നല്‍കണം.ഓടകള്‍ക്കകത്തോ സമീപത്തോ ഉള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടിയിട്ടില്ലെന്നുറപ്പ് വരുത്താന്‍ ജല അതോറിറ്റി ശ്രദ്ധിക്കണം. കുടിവെള്ളം മലിനമാവുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ജല അതോറിറ്റി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ പഞ്ചായത്തിനും 25000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ നിയമപ്രകാരം എടുക്കേണ്ട നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.യോഗത്തില്‍ മേയര്‍ അഡ്വ വി രാജേന്ദ്രബാബു, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, റൂറല്‍ എസ് പി അജിതാ ബീഗം, എഡിഎം പി എസ് സ്വര്‍ണ്ണമ്മ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഓരോ പഞ്ചായത്തിലും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകനം 15ന് നടത്തുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it