ശുചീകരണ തൊഴിലാളി സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ നടത്തിവ—ന്ന സമരം അവസാനിപ്പിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഡല്‍ഹി സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഡല്‍ഹി മന്ത്രി സന്ദീപ് കുമാറുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ച് തങ്ങള്‍ സമരം അവസാനിപ്പിക്കുകയാണെന്ന് സ്വതന്ത്ര മസ്ദൂര്‍ വികാസ് സംയുക്ത് മോര്‍ച്ച അധ്യക്ഷന്‍ സഞ്ജയ് ഗെലോട്ട് പറഞ്ഞു. തൊഴിലാളികള്‍ക്കുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ധനസഹായം ഡിസംബറില്‍ നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അടുത്തുവരുന്ന ദീപാവലി ആഘോഷത്തിന്റെ കാര്യം കൂടി പരിഗണിച്ചാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് ഗെലോട്ട് അറിയിച്ചു.
അതേസമയം സമരവുമായി മുന്നോട്ടുപോവുമെന്ന് ഒരുവിഭാഗം തൊഴിലാളികള്‍ അറിയിച്ചു. തങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അധികൃതര്‍ പരിഹാരനടപടി സ്വീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും അവര്‍ വ്യക്തമാക്കി.
സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി വികസന അതോറിറ്റിക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് കെജ്‌രിവാള്‍ ഇന്നലെ കത്തയച്ചിരുന്നു. 1600 കോടി രൂപയായിരുന്നു മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലായി കുടിശ്ശികയുള്ളത്. ഈ മാസം ഒന്നിന് കേന്ദ്ര നഗരവികസന മന്ത്രാലയം വിളിച്ച യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നതായി കെജ്‌രിവാള്‍ പറഞ്ഞു. മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി-പദ്ധതിയേതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി തീര്‍ക്കാത്തതിനാല്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് നഗരത്തില്‍ മാലിന്യനീക്കം പ്രതിസന്ധിയിലായിരുന്നു.
Next Story

RELATED STORIES

Share it