kannur local

ശുചീകരണവും പയ്യാമ്പലവും ; കോര്‍പറേഷന്‍ യോഗത്തില്‍ നേരിയ ബഹളം



കണ്ണൂര്‍: ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യുകയും ശുചീകരണം കാര്യക്ഷമമാവാത്തതും കോര്‍പറേഷന്‍ യോഗത്തില്‍ നേരിയ ബഹളത്തിനിടയാക്കി. നഗരപരിധിയില്‍ ശുചീകരണം നടത്താത്തതില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയാണ് കുറ്റക്കാരിയെന്ന ഭരണപക്ഷത്തിന്റെ ആരോപണം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പരസ്പരം കുറ്റപ്പെടുത്തലുകള്‍ക്കു വേണ്ടിയല്ല, വസ്തുതകളാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും പ്രതിപക്ഷത്തെ സി സമീറും ടി ഒ മോഹനനും പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നു ഭരണപക്ഷത്തെ എന്‍ ബാലകൃഷ്ണനും നോക്കുകുത്തിയായി മാറിയെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷും ആരോപിച്ചു. വാദ്വാഗങ്ങളല്ല, നടപടികളാണു വേണ്ടതെന്നും കൊതുക് പെരുകുമ്പോള്‍ മന്ത് രോഗത്തിനുള്ള ഗുളിക എവിടെ നിന്നാണു വാങ്ങേണ്ടതെന്നും പൈസ കൗണ്‍സിലര്‍മാര്‍ തന്നെ നല്‍കിക്കോളാമെന്നും സി സമീര്‍ പറഞ്ഞു. ഒടുവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ഒരു ഡിവിഷനില്‍ ആകെ 35000 രൂപയാണു ലഭിക്കുക. 25000 രൂപ ശുചിത്വമിഷനും 10000 രൂപ എന്‍ആര്‍എച്ച്എമ്മും 5000 രൂപ കോര്‍പറേഷനും നല്‍കും. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ തുക ചെലവഴിച്ച വിശദാംശങ്ങള്‍ ശുചിത്വ മിഷനു നല്‍കിയാല്‍ മാത്രമേ ഇത്തവണ തുക അനുവദിക്കുകയുള്ളൂ. ഒരു ഡിവിഷനും വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. പയ്യാമ്പലം പാര്‍ക്കിലെ പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ സമ്പൂര്‍ണ ശൗചാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന പയ്യാമ്പലം സീനിയര്‍ സിറ്റിസണ്‍ അപേക്ഷയും അല്‍പനേരം ബഹളത്തിനിടയാക്കി. കാലാവധി തീരും മുമ്പ് ധൃതിപ്പെട്ട് തീരുമാനമെടുക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പയ്യാമ്പലം വിഷയത്തില്‍ കഴിഞ്ഞ കൗണ്‍സിലില്‍ എടുത്ത തീരുമാനത്തിന്റെ മിനുട്‌സിലെ പരാമര്‍ശവും വാഗ്വാദത്തിനിടയാക്കി. ശവക്കല്ലറകള്‍ പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിവക്കുമായിരുന്നുവെന്ന പരാമര്‍ശം ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നും തോന്നിയപോലെ മിനുട്‌സ് രേഖപ്പെടുത്തുന്നത് ഭൂഷണമല്ലെന്നും ടി ഒ മോഹനന്‍ പറഞ്ഞു. മിനുട്‌സ് തിരുത്തണമെന്ന് സി സമീറും എം ഷഫീഖും എം പി മുഹമ്മദലിയും ആവശ്യപ്പെട്ടു. എന്നാല്‍, ആര്‍എസ്എസ്സുകാരാണ് കല്ലറ തകര്‍ത്തതെന്നു എല്ലാവര്‍ക്കും അറിയാമെന്നും പരാമര്‍ശം പിന്‍വലിക്കേണ്ടതില്ലെന്നും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പറഞ്ഞു. ഭരണപക്ഷത്തു നിന്ന് ആദ്യം ആരും പിന്തുണച്ചില്ലെങ്കിലും പിന്നീട് പിന്തുണയുമായെത്തി. ഒടുവില്‍ അടുത്ത അജണ്ടയിലേക്കു പോവുന്നതായി മേയര്‍ ഇ പി ലത അറിയിച്ചതോടെയാണ് ബഹളം ഒഴിവായത്.
Next Story

RELATED STORIES

Share it