thiruvananthapuram local

ശുചീകരണമില്ല ; ബാലരാമപുരത്ത് പനിപടരുന്നു



ബാലരാമപുരം:  ബാലരാമപുരം ഗ്രാമപഞ്ചായത്തില്‍ ശുചീകരണമില്ലാതെ മാലിന്യം ചീഞ്ഞ് രോഗങ്ങള്‍ പടരുന്നു. ബാലരാമപുരം മേഖലയില്‍ ഓരോവീട്ടിലും രണ്ടും മൂന്നും പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഴക്കാല ശുചീകരണം നടന്നിട്ടില്ല. പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാര്‍ ചില മേഖലകളില്‍ വീടുകളില്‍ എത്തി കിണറില്‍ ബ്ലീച്ചിങ് പൗഡര്‍ നല്‍കിപ്പോയെങ്കിലും കാര്യമായി ഒന്നും നടക്കുന്നില്ല. ബാലരാമപുരം പഞ്ചായത്ത് പരിധിയില്‍ വരുന്ന പുന്നയ്ക്കാട്, തേമ്പാമുട്ടം, ഐത്തിയൂര്‍, ചാമവിള, തുടങ്ങിയ മേഖലകളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ പനിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നത്. മെയ് ജൂണ്‍ മാസങ്ങളിലെ കണക്കുപ്രകാരം 37 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ ബാലരാമപുരത്ത് മാലിന്യം നീക്കം ചെയ്യുന്നതിന് വാഹനത്തിന്റെ ഡ്രൈവര്‍ ഇല്ലാതെ ഏറെ ബുദ്ധിമുട്ടിയാണ്. ഡ്രൈവര്‍ മദ്യലഹരിയില്‍ ആയതിനാല്‍ പലദിവസങ്ങളിലും ചവര്‍ നീക്കം ചെയ്യാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഗവ.സ്‌കൂളിന് മുന്നിലും സെന്റ് ജോസഫ് സ്‌കൂളിന് സമീപത്തും വില്ലേജാഫിസ് പരിസരത്തും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി കൊണ്ടിടുന്ന പ്രവണത കൂടുതലാണ്. പനി പടര്‍ന്ന് പിടിച്ചിട്ടും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 500 ല്‍ പരം ആളുകള്‍ എത്തുന്നുണ്ട്. അവര്‍ക്ക് വേണ്ട ചികില്‍ നല്‍കാന്‍ പറ്റാതെ മൂന്ന് ഡോക്ടര്‍മാരും രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടറുമാണ് ഉള്ളത്. ഇതില്‍ ഒരാള്‍ ഉപരിപഠനത്തിന് പോയി. ഒരു ഡോക്ടര്‍ പനിബാധിച്ച് ചികില്‍സയിലുമാണ്.   ഇവിടെ 10 രോഗികളെ മാത്രം കിടത്തി ചികില്‍സിക്കാനുള്ള ബെഡ്ഡുകള്‍ മാത്രമാണുള്ളത്. പല രോഗികളും തറയിലാണ് കിടക്കുന്നത്. ഇന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതര്‍ വീടുകള്‍ തോറും ശുചീകരണം വീക്ഷിക്കാന്‍ എത്തുന്നുവെന്ന് നേരത്തെ ആശാവര്‍ക്കര്‍മാര്‍ വീടുകളില്‍ എത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനിബാധിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മരുന്നില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it