thiruvananthapuram local

ശുചീകരണം പാളി : കിളിമാനൂര്‍ പനിയുടെ പിടിയില്‍



കിളിമാനൂര്‍: ഡെങ്കിപ്പനി ഉള്‍പ്പടെ കിളിമാനൂര്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകം. ആശുപത്രികള്‍ പനിബാധിതരാ ല്‍ നിറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കേശവപുരം സിഎച്ച്‌സിയില്‍ പനി ബാധിച്ചെത്തിയവരില്‍ 15പേര്‍ ഡെങ്കി ബാധിതരാണെന്നു സ്ഥിരീകരിച്ചു. ഇതില്‍ ചിലരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കിളിമാനൂര്‍ ബ്ലോക്കില്‍ ഇതിനോടകം നൂറിലേറെപേര്‍ ഡെങ്കി ബാധിച്ച് ചികില്‍സ തേടിയിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലാണ് ഡെങ്കിയില്‍ കുറവ്. ഇതിനോടകം 7 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പനിപടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യസുരക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വ്യാപക പരാതിയുണ്ട്. കിളിമാനൂര്‍ ബ്ലോക്കിന് കീഴിലെ ഒരു ഗ്രാമപ്പഞ്ചായത്തുകളിലും വേണ്ടരീതിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടന്നിട്ടില്ല. ചിലയിടങ്ങളില്‍ നടന്നതാവട്ടെ തട്ടിക്കൂട്ട് പരിപാടികളും. ടൗണുകള്‍ക്ക് സമീപത്തുള്ള ചെറുതോടുകള്‍ മിക്കതും മാലിന്യവാഹിനികളാണ്. മഴമാറി ശക്തമായ വെയില്‍ വന്നതോടെ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുക് പെരുകുന്നതിനുള്ള സാധ്യത വര്‍ധിച്ചത് ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായി.ബ്ലോക്കിന് കീഴില്‍ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുതലത്തില്‍ ആശാവര്‍ക്കര്‍മാരുടെ സേവനം ഉറപ്പുവരുത്തിയെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനവും നടക്കുന്നില്ല. കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണം നടക്കുന്നുണ്ടങ്കിലും ആഴ്ചയില്‍ ഒരുദിവസം ഡ്രൈ ഡേ ആചരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നില്ല. റബ്ബര്‍തോട്ടങ്ങള്‍ കൂടുതലുള്ള മേഖലയായതിനാല്‍ കൊതുകിന്റെ പ്രജനനവും കൂടുതലാണ്.
Next Story

RELATED STORIES

Share it