Pathanamthitta local

ശുചിത്വ സംസ്‌കാരം വളര്‍ത്താന്‍ ജനകീയ മുന്നേറ്റം ഉണ്ടാവണം: മന്ത്രി മാത്യു ടി തോമസ്



അടൂര്‍: ശുചിത്വ സംസ്‌കാരം വളര്‍ത്താന്‍ ജനകീയ മുന്നേറ്റം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജില്ലാ ശുചിത്വ മിഷന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച മഴക്കാലരോഗ പ്രതിരോധ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കണമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കാതെ സാമൂഹിക നന്മയ്ക്കായി ഉപയോഗപ്പെടുത്തണം. മാലിന്യ നിര്‍മാര്‍ജനം, സംസ്‌കരണം എന്നിവ മെച്ചപ്പെട്ട രീതിയിലാക്കാന്‍ നമുക്ക് സാധിക്കണം. മാലിന്യ വികേന്ദ്രീകരണ സംസ്‌കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ശുചീകരണ പ്രവര്‍ത്തനത്തിനും മാലിന്യ സംസ്‌കരണത്തിനും ശാസ്ത്രീയമായ രീതികള്‍ പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എംഎല്‍എ പറഞ്ഞു. എഡിഎം അനു എസ്‌നായര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍, വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, ബിഡിഒ വിഷ്ണു മോഹന്‍ ദേവ്, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ കെ ഇ വിനോദ്കുമാര്‍, ഏനാദിമംഗലം ഹെല്‍ത്ത് ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജിത്, സൂപ്പര്‍വൈസര്‍ വി എഫ് ഫ്രാന്‍സിസ്, പിആര്‍ഒ പ്രിന്‍സ് ഫിലിപ്പ്, പങ്കെടുത്തു. ജില്ലയില്‍ ശുചിത്വ മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, അങ്കണവാടി, ആശ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
Next Story

RELATED STORIES

Share it