Alappuzha local

ശുചിത്വ പരിശോധനാ സര്‍വേ: മാറ്റുരയ്ക്കാന്‍ ആലപ്പുഴ നഗരസഭ- തോമസ് ഐസക്

ആലപ്പുഴ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുചിത്വ പരിശോധന സര്‍വേയില്‍ മികച്ച പ്രകടനത്തിന് ഒരുങ്ങി സര്‍ക്കാരും ആലപ്പുഴ നഗരസഭയും. നാളത്തെ ആലപ്പുഴയുടെ സൃഷ്ടിക്കായുള്ള ദീര്‍ഘവീക്ഷണമുള്ള പദ്ധതികളിലൂടെ നഗരത്തെ മുന്നിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഈ മല്‍സരാധിഷ്ഠിത സര്‍വേ തുടക്കം കുറിക്കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു.ബജറ്റ് തയ്യാറാക്കലിന്റെ തിരക്കുകള്‍ക്കിടയിലും മല്‍സരത്തിന്റെ പ്രധാന്യമുള്‍ക്കൊണ്ടാണ് മന്ത്രി ആലോചനയോഗത്തില്‍ എത്തിയത്. വീടും നാടും ശുചിയായി സൂക്ഷിക്കുന്നതിനൊപ്പം മികച്ച മല്‍സരത്തിനൊരുങ്ങുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും ഓരോ നഗരസഭവാസിക്കുമുണ്ട്.ഈ മാസം അവസാനത്തോടെ നഗരസഭയില്‍ സര്‍വേ തുടങ്ങും. അതിനകം കുറവുകള്‍ പരിഹരിച്ച് എല്ലാം ഭദ്രമാക്കാനുള്ള ഒരുക്കത്തില്‍ രാഷ്ട്രീയ കക്ഷികളും സംഘടനകളും ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ചന്ത പോലുള്ള പൊതുയിടങ്ങളുടെ ശുചിത്വചുമതല വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും ഏറ്റെടുത്തു.മറ്റു സര്‍വേകളില്‍ നിന്ന് വ്യത്യസ്തമായി പരിശോധനയില്‍ നാട്ടുകാരോടും ചോദ്യമുണ്ടാവുമെന്നതാണ് പ്രത്യേകത. ഇതിനായി നഗരസഭാവാസികളെ തയ്യാറെടുപ്പിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധരായിട്ടുണ്ട്. നഗരസഭയുടെ മാലിന്യ സംസ്‌കരണ സംവിധാനം, പൊതുനിരത്തുകളിലെ ശുചിത്വം, ചന്തകള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവയിലെ ശുചിത്വം, പൊതുശൗചാലയങ്ങള്‍, വെളിയിട വിസര്‍ജ്യമുക്ത തല്‍സ്ഥിതി എന്നിവ കൂടാതെ വീടുകളിലെ മാലിന്യ സംസ്‌കരണ രീതികളും പരിശോധിക്കും. റസിഡന്റസ്് അസോസിയേഷന്‍, സ്‌കൂള്‍, ഓഫിസ് എന്നിവ കേന്ദ്രീകരിച്ച് മികച്ച ശുചിത്വ പ്രവര്‍ത്തനം നടത്തുന്നവയ്ക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ടിവി അനുപമ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ രൂപീകരിച്ച പ്രത്യേക നഗരസഭാതല പരിശോധന സംഘത്തിന്റെ പ്രവര്‍ത്തനം ഇതിനകം തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പൊതുയിടങ്ങളിലും കടകളിലും സംഘം പരിശോധന നടത്തുന്നത്. എതിര്‍പ്പുകള്‍ ബോധവല്‍ക്കരണത്തിലൂടെ പരിഹരിക്കുന്നു. മൂന്നു ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കും.ബുധനാഴ്ച സ്‌കൂള്‍ അസംബ്ലികളില്‍ പ്രത്യേക ശുചിത്വ സന്ദേശപ്രചാരണം നടത്തും. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കുളൂകളിലും പ്രത്യേക പ്രചാരണ സംവിധാനങ്ങളും ഒരുക്കും.  സ്‌കൂളുകളില്‍ നിരന്തര പരിശോധന ഉണ്ടാവും. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ശുചിത്വ സംവിധാനം കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.ശുചിത്വവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്ക്  ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി കലക്ടര്‍ പറഞ്ഞു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കും. റോഡുകളിലെ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കാന്‍ പൊതുമരാമത്ത് നിരത്ത്, ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിവിധ കക്ഷികളും യുവജനസംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ധനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ്, പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബിന്‍സ് സി തോമസ്, വിവിധ കക്ഷി നേതാക്കള്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, വിവിധ സംഘടന പ്രതിനിധികള്‍ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it